അടുത്ത മാസം നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തിനും തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന 5 മത്സര ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീം ഈ മാസാവസാനം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുമെന്നാണ് സൂചനകള്‍. ഇരു ടീമുകൾക്കെതിരെയുള്ള മത്സരങ്ങൾ ഇംഗ്ലണ്ടിൽ തന്നെയാണ് നടക്കുന്നത്. ഇന്ത്യയിലും ഇംഗ്ലണ്ടിലും താരങ്ങൾക്ക് ക്വാറന്റീനിൽ ഇരിക്കേണ്ടതുണ്ട്. ഈ വര്‍ഷം സെപ്റ്റംബറിലാണ് ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മത്സരങ്ങള്‍ അവസാനിക്കുക.
advertisement
ന്യൂസിലന്‍ഡിനെതിരെ ജൂണ്‍ 18ന് സതാംപ്ടണിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ശേഷം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലും ഇതേ ടീം തന്നെയാണ് ഇറങ്ങുക. ആഗസ്റ്റ് 4 മുതല്‍ സെപ്റ്റംബര്‍ 14 വരെ നോട്ടിങ്ഹാം, ലണ്ടന്‍, ലീഡ്സ്, മാഞ്ചെസ്റ്റര്‍ എന്നിവിടങ്ങളിലാണ് ഈ പരമ്പര നടക്കുക. ഇതിനിടയിൽ ഈ മത്സരങ്ങൾ കളിക്കുന്ന താരങ്ങളെ ജൂലൈയിൽ നടത്താനൊരുങ്ങുന്ന ശ്രീലങ്കൻ പര്യടനത്തിൽ കളിപ്പിക്കുക എന്നത് ഈ സാഹചര്യത്തിൽ ഒട്ടും പ്രായോഗികമല്ല.
'ജൂലൈയില്‍ ഇന്ത്യയുടെ സീനിയര്‍ ടീമിനായി ഒരു ശ്രീലങ്കന്‍ പര്യടനത്തിന് പദ്ധതിയിട്ടിട്ടുണ്ട്. പ്രധാനമായും ഏകദിനവും ട്വന്റി 20 പരമ്പരയുമായിരിക്കും ഉണ്ടാവുക. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുന്ന താരങ്ങള്‍ ഇല്ലാതെയുള്ള ഒരു ടീമായിരിക്കും ശ്രീലങ്കയെ നേരിടുക'- ഗാംഗുലി പറഞ്ഞു.
ഇംഗ്ലണ്ടിൽ ഇന്ത്യ പരിമിത ഓവർ മത്സരങ്ങൾ ഒന്നും തന്നെ കളിക്കുന്നില്ല. ജൂലൈയിൽ ഇന്ത്യക്ക് മത്സരങ്ങൾ ഒന്നും ഇല്ലാത്തതിനാൽ വരാനിരിക്കുന്ന ടി20 ലോകകപ്പ് മുൻനിർത്തി അത് പ്രയോജനപ്പെടുത്താൻ വേണ്ടിയാണ് ബി സി സി ഐയുടെ ശ്രമം. യുവനിരയ്ക്ക് വ്യക്തമായ മുൻതൂക്കമുള്ള ഒരു ടീമിനെയാണ് ശ്രീലങ്കയ്ക്കെതിരെ ബി സി സി ഐ അണിനിരത്താൻ പോകുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യന്തര ക്രിക്കറ്റിലും, ഐ പി എല്ലിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചു കൊണ്ടിരിക്കുന്ന യുവതാരങ്ങളെ ടീമിലുള്‍പ്പെടുത്തിയാവും ലങ്കയിലേക്ക് ഇന്ത്യ പറക്കുക. പാതിവഴിയില്‍ നിര്‍ത്തിവെച്ച ഈ വര്‍ഷത്തെ ഐ പി എല്ലില്‍ മികച്ച പ്രകടനം കാഴ്ച വെച്ച മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും, ശിഖാര്‍ ധവാനും അടക്കമുള്ള താരങ്ങള്‍ ഈ ടീമിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
