പ്രോട്ടോകോള്‍ ലംഘനം നടത്തിയ നാല് കളിക്കാരും ബ്രസീലിലേക്ക് വരാന്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും ഇംഗ്ലണ്ടില്‍ നിന്നും ബ്രസീലിലേക്ക് വരുമ്പോഴുള്ള നിര്‍ബന്ധിത ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നുമാണ് ബ്രസീലിയന്‍ അധികാരികള്‍ പറയുന്നത്. ഇതേതുടര്‍ന്ന് മത്സരം തുടങ്ങി ഏഴാം മിനുട്ടില്‍ മൈതാനത്തെത്തിയ ആരോഗ്യവകുപ്പും പോലീസും ഇടപെട്ട് കളി നിര്‍ത്തി വെപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ബ്രസീല്‍ ഫെഡറല്‍ പൊലീസ് അര്‍ജന്റൈന്‍ താരങ്ങള്‍ക്കെതിരെ അന്വേഷണം തുടങ്ങിയത്. ബ്രിട്ടനില്‍ നിന്ന് വരുന്നവര്‍ ബ്രസീലില്‍ 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ബന്ധമാണ്. അര്‍ജന്റീനയുടെ പ്രീമിയര്‍ ലീഗ് താരങ്ങള്‍ അവര്‍ വെനസ്വലക്കെതിരായ കഴിഞ്ഞ മത്സരം നടന്ന കറകാസിലാണ് ഉണ്ടായിരുന്നതെന്നും, ഇംഗ്ലണ്ടില്‍ ഉണ്ടായിരുന്ന കാര്യം ഇമിഗ്രേഷനില്‍ മറച്ചു വെച്ചുവെന്നുമാണ് ബ്രസീലിയന്‍ ഒഫിഷ്യല്‍സ് പറയുന്നത്.
advertisement
താരങ്ങള്‍ക്ക് കോവിഡ് പ്രോട്ടോകോളില്‍ ഇളവു ലഭിക്കില്ലെന്ന് മത്സരത്തിന് ഒരു മണിക്കൂര്‍ മുന്‍പുതന്നെ അര്‍ജന്റീന ടീം അധികൃതരെ അറിയിച്ചിരുന്നു. എന്നിട്ടും ഈ താരങ്ങളുമായി കളിക്കാന്‍ അര്‍ജന്റീന തീരുമാനിച്ചതോടെയാണ് ബ്രസീലിയന്‍ ആരോഗ്യ വകുപ്പ് ഏജന്‍സിയായ 'അന്‍വിസ' ഇടപെട്ടത്. ഈ താരങ്ങളെ മാറ്റി മത്സരം തുടരാമായിരുന്നെങ്കിലും 'അന്‍വിസ'യെ സമ്മര്‍ദ്ദത്തിലാക്കുന്നതിന് അര്‍ജന്റീന താരങ്ങള്‍ കളംവിടുകയായിരുന്നുവെന്നും പറയുന്നു.
ഫിഫയുടെ അന്വേഷണത്തില്‍ കൃത്രിമം തെളിഞ്ഞാല്‍ നിയമപ്രകാരം ബ്രസീലിന് 3-0 വിജയം അനുവദിക്കും. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് ബ്രസീല്‍. അര്‍ജന്റീന രണ്ടാമതും. മത്സരത്തിനിടെയുണ്ടായ കാര്യങ്ങളില്‍ ഖേദമുണ്ടെന്നും സംഭവത്തിലേക്കു നയിച്ച കാര്യങ്ങള്‍ വിലയിരുത്തുമെന്നും ഫിഫ അറിയിച്ചു.
മത്സരം തുടങ്ങി ഏഴാം മിനിറ്റിലാണ് സംഭവം നടന്നത്. കളത്തില്‍ ഇറങ്ങിയ അധികൃതരും അര്‍ജന്റീന താരങ്ങളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും പിന്നീട് കയ്യാങ്കളിയില്‍ എത്തുകയും ചെയ്തതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. പി എസ് ജിയില്‍ സഹതാരങ്ങളായതിന് ശേഷം മെസ്സിയും നെയ്മറും തമ്മിലുള്ള പോരാട്ടത്തിനായി കാത്തിരുന്ന ആരാധകര്‍ക്കും ഇതോടെ നിരാശരാകേണ്ടി വന്നു.
ARG vs BRA | ക്വാറന്റൈന്‍ നിബന്ധനകള്‍ ലംഘിച്ചെന്ന ആരോപണം; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി
അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ബ്രസീല്‍ ഫെഡറല്‍ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മത്സരം നിര്‍ത്തിവച്ചതിന് തൊട്ടുപിന്നാലെ അര്‍ജന്റൈന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയെങ്കിലും ബ്രസീല്‍ പൊലീസിന് മൊഴി നല്‍കേണ്ടിവരും. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ താരങ്ങള്‍ക്ക് പിഴയും തടവ് ശിക്ഷയും അനുഭവിക്കേണ്ടിവരുമെന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.