ഐസിസി ടൂർണമെന്റിലെ ആദ്യ മത്സരത്തിലെ തോൽവി പാകിസ്ഥാന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടാനുള്ള സാധ്യതക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച (ഫെബ്രുവരി 23) നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയാണ് പാകിസ്ഥാന്റെ എതിരാളികൾ. പാക് നിരയെ സംബന്ധിച്ചിടത്തോളം ജിവൻമരണ പോരാട്ടമായി മാറിയിരിക്കുകയാണ് ഈ മത്സരം. മുന്നോട്ടുള്ള സാധ്യതക്ക് വിജയം പാകിസ്ഥാനെ സംബന്ധിച്ച് അനിവാര്യമാണ്.
23ന് പാകിസ്ഥാൻ ഇന്ത്യയോട് തോൽക്കുകയും 24ന് ന്യൂസിലാൻഡ് ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തുകയും ചെയ്താൽ പാകിസ്ഥാന്റെ സാധ്യതകൾ അവസാനിക്കും.
advertisement
കഴിഞ്ഞദിവസം ന്യൂസീലന്‍ഡിനോട് 60 റണ്‍സിന് പരാജയപ്പെട്ടതോടെ നെറ്റ് റണ്‍റേറ്റ് -1.200 ആയി. കരുത്തരായ ഇന്ത്യയെയും ബംഗ്ലാദേശിനെയുമാണ് റിസ്‌വാനും സംഘവും ഇനി നേരിടാനുള്ളത്. ഈ രണ്ട് മത്സരങ്ങളും ജയിച്ചാല്‍ ഏറക്കുറെ അവസാന നാലില്‍ ഇടംനേടാം. അപ്പോഴും നെറ്റ് റണ്‍റേറ്റ് ഒരു ഘടകമായി വന്നേക്കും.
അതേസമയം ഒരു മത്സരത്തില്‍ മാത്രം ജയിച്ചാല്‍ കാര്യങ്ങൾ ദുഷ്‌കരമാകും. നെറ്റ് റണ്‍റേറ്റ്, മറ്റു ടീമുകളുടെ ജയപരാജയങ്ങള്‍ എന്നിവയെല്ലാം ആശ്രയിച്ചായിരിക്കും സാധ്യത. മൂന്ന് മത്സരങ്ങളും പരാജയപ്പെടുന്ന പക്ഷം സെമിയിലേക്ക് കടക്കില്ല എന്നു മാത്രമല്ല, ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരാവുകയും ചെയ്യും.
2017 ജൂൺ 18 ന് ഓവലിൽ നടന്ന ഫൈനലിൽ ഇന്ത്യയെ 180 റൺസിന് പരാജയപ്പെടുത്തി ചാമ്പ്യൻസ് ട്രോഫി നേടിയ പാകിസ്ഥാൻ, ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്തുന്ന ചരിത്രത്തിലെ രണ്ടാമത്തെ ടീമായി മാറാനാണ് ലക്ഷ്യമിടുന്നത്.