മൂന്നു തവണ ഒളിമ്പിക്സില്‍ ചൈനയെ പ്രതിനിധീകരിച്ച ടെന്നീസ് താരമാണ് പെങ്. വനിതാ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ പദവി ഏറെനാള്‍ അലങ്കരിച്ചവള്‍. ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ കിരീടങ്ങള്‍ ചൂടിയ താരം. ചൈനയ്ക്കായി രണ്ടു തവണ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും വെങ്കലവും നേടിയെടുത്തവള്‍.
മുപ്പത്തിയഞ്ചുകാരിയായ പെങ് ഷുവായി എവിടെ എന്ന ചോദ്യവുമായി യുഎന്നും(United Nations) യുഎസും(US) നിരവധി കായിക താരങ്ങളും രംഗത്തെത്തി. എന്നാല്‍ സാങ് ഗാവൊലിക്കെതിരെ ലൈംഗിക ആരോപണത്തെ കുറിച്ചും പെങ്ങിന്റെ തിരോധാനത്തെ കുറിച്ചും അറിയില്ല എന്നാണ് ചൈനയുടെ പ്രതികരണം.
'പെങ് ഷുവായി എവിടെ?' (#WhereIsPengShuai) എന്ന ഹാഷ്ടാഗില്‍ താരത്തിനായി സാമൂഹ്യമാധ്യമങ്ങളില്‍ ക്യാമ്പയിന്‍ ഇതിനിടെ ശക്തമായി. ടെന്നീസ് സൂപ്പര്‍താരങ്ങളായ നൊവാക് ജോക്കോവിച്ച്, സെറീന വില്യംസ്, നവോമി ഒസാക, സിമോണ ഹാലെപ്പ് തുടങ്ങിയവര്‍ ക്യാമ്പയിന്റെ ഭാഗമായി.
നവംബര്‍ രണ്ടിനാണ് ചൈനീസ് മുന്‍ ഉപപ്രധാനമന്ത്രി അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് ലൈംഗീകമായി പീഡിപ്പിച്ചെന്ന് പെങ് സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചത്. ഇതിന് പിന്നാലെ പെങ്ങിനെ കാണാതായി. പെങ്ങിനെ കണ്ടെത്തുകയും വിഷയത്തില്‍ അന്വേഷണം നടത്തുകയും ചെയ്തില്ലെങ്കില്‍ ചൈനയിലെ തന്റെ കോടിക്കണക്കിന് മൂല്യം വരുന്ന ബിസിനസുകള്‍ അവസാനിപ്പിക്കുമെന്ന് വുമണ്‍ ടെന്നീസ് അസോസിയേഷന്‍ തലവന്‍ സ്റ്റീവ് സൈമണ്‍ പറഞ്ഞു.