എന്നാല്‍ ബാറ്റ് ചെയ്യാന്‍ ക്രിസ് ഗെയ്ല്‍(Chris Gayle) ക്രീസിലേക്ക് വരുമ്പോള്‍ മുതല്‍ കണ്ടത് നാടകീയ രംഗങ്ങളായിരുന്നു. വിന്‍ഡീസ് താരങ്ങളെല്ലാം ചേര്‍ന്ന് എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഗെയ്ലിനെ ക്രീസിലേക്ക് വീട്ടത്. പതിവില്‍ നിന്ന് വ്യത്യസ്തമായി കൂളിംഗ് ഗ്ലാസ് ധരിച്ചാണ് ഗെയ്ല്‍ ബാറ്റ് ചെയ്യാനിറങ്ങിയത്. ഒമ്പത് പന്തില്‍ രണ്ട് സിക്‌സ് അടക്കം 15 റണ്‍സടിച്ച ഗെയ്ലിനെ പാറ്റ് കമ്മിന്‍സ് ബൗള്‍ഡാക്കി.
തുടര്‍ന്ന് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ ഗെയ്ല്‍ ചിരിച്ചുകൊണ്ട് ബാറ്റുയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്താണ് ക്രീസ് വിട്ടത്. ഡ്രസ്സിംഗ് റൂമിലേക്ക് കയറും മുമ്പ് ഡഗ് ഔട്ടിലിരുന്ന സഹതാരങ്ങളെയെല്ലാം ചിരിച്ചുകൊണ്ട് ആലിംഗനം ചെയ്യുന്ന ഗെയ്ലിനെയും കാണാമായിരുന്നു. ഇതുവരെ ഔദ്യോഗികമായി ഗെയ്ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇത് ടി20 ക്രിക്കറ്റിലെ ഇതിഹാസ താരത്തിന്റെ അവസാന മത്സരമായിരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
advertisement
പിന്നാലെ അദ്ദേഹം ഫീല്‍ഡിംഗിനെത്തി. ഗെയ്ല്‍ തന്റെ 'കുട്ടിക്കളി'യിലൂടെ ആരാധകരേയും സഹതാരങ്ങളെയും ചിരിപ്പിച്ചിരുന്നു. ഫീല്‍ഡിങ്ങിനിടെ ഓരോ നിമിഷവും ആസ്വദിക്കുന്ന ഗെയ്‌ലിനെയാണ് ഓസ്ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ കണ്ടത്. ക്രീസില്‍ എത്തിയ ഓസ്ട്രേലിയന്‍ താരങ്ങളുമായി ഏറെ നേരം തമാശ പങ്കിടുകയും ചെയ്തിരുന്നു. ഇതില്‍ ഏറെ രസകരമായത് ഗെയ്ല്‍ എറിഞ്ഞ 16ആം ഓവറിലെ വാര്‍ണറുമായുള്ള രംഗമായിരുന്നു.
തന്റെ ബോളില്‍ സ്റ്റമ്പിങ്ങില്‍ നിന്ന് രക്ഷപ്പെട്ട വാര്‍ണറിന് നേരെ ഗെയ്ല്‍ കുസൃതി ഒപ്പിക്കുകയായിരുന്നു. അടുത്ത ബോള്‍ നേരിടാന്‍ വാര്‍ണര്‍ തയ്യാറാകുന്നതിനിടെ, സ്ട്രൈക് എന്‍ഡിലേക്ക് ഗെയ്ല്‍ ഓടി വാര്‍ണറിന്റെ പോക്കറ്റില്‍ കൈയ്യിടുകയായിരുന്നു. ഈ ഫോട്ടോ പങ്കുവെച്ച് ആരാധകരും സോഷ്യല്‍ മീഡിയയില്‍ ട്രോളുമായി നിമിഷങ്ങള്‍ക്കം എത്തി. വാര്‍ണറിന്റെ പോക്കറ്റില്‍ സാന്റ് പേപ്പര്‍(Sandpaper) ഉണ്ടോയെന്ന് ഗെയ്ല്‍ തിരയുകയായിരുന്നുവെന്നാണ് ചില ആരാധകര്‍ ട്വിറ്ററില്‍ കുറിച്ചത്.
ഡേവിഡ് വാര്‍ണറുടേയും(David Warner) മിച്ചല്‍ മാര്‍ഷിന്റേയും ബാറ്റിംഗ് കരുത്തില്‍ ഓസീസ് ജയമുറപ്പിച്ചിരുന്നു. മത്സരത്തില്‍ അവസാന അഞ്ചോവറില്‍ 9 റണ്‍സ് വേണമെന്നിരിക്കെയാണ് പൊള്ളാര്‍ഡ് ഓവര്‍ ക്രിസ് ഗെയ്ലിന് നല്‍കിയത്. രണ്ട് വൈഡ് അടക്കം ആദ്യ അഞ്ച് പന്തില്‍ 7 റണ്‍സാണ് ഗെയ്ല്‍ വഴങ്ങിയത്. തുടര്‍ന്ന് ഓവറിലെ അവസാന പന്തില്‍ ബൗണ്ടറി നേടി ഓസ്‌ട്രേലിയയെ വിജയത്തിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് മിച്ചല്‍ മാര്‍ഷ് പുറത്തായത്. പുറത്തായ ശേഷം മടങ്ങുകയായിരുന്ന മിച്ചല്‍ മാര്‍ഷിനെ പുറകില്‍ ചെന്ന് കെട്ടിപ്പിടിച്ചുകൊണ്ടായിരുന്നു ക്രിസ് ഗെയ്ല്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചത്.