മറഡോണയുടെ പിറന്നാൾ ദിവസം ആശംസയറിയിച്ച് 156 സെലിബ്രിറ്റികളെ ഉൾപ്പെടുത്തി തയ്യാറാക്കിയ വീഡിയോയിലാണ് ക്രിസ്റ്റ്യാനോയുടെ സന്ദേശമുള്ളത്. റൊണാൾഡോയ്ക്ക് പുറമേ, റൊണാൾഡീഞ്ഞോ, ഫാബിയോ, ജോസ് മൊറിഞ്ഞോ, ഗബ്രിയേല സബാട്ടിനി, കാർലോസ് ടെവസ് തുടങ്ങിയ താരങ്ങളും മറഡോണയ്ക്ക് പിറന്നാൾ ആശംസ നേർന്നിരുന്നു.
ഫുട്ബോൾ താരവും ഇപ്പോൾ റയൽ മാഡ്രിഡ് പരിശീലകനുമായ സിനദീൻ സിദാനും ഫുട്ബോൾ ഇതിഹാസത്തിന് ആശംസ അറിയിച്ചിരുന്നു. എന്നാൽ ഇതിൽ എല്ലാം ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആശംസയാണ്.
"ഹാപ്പി ബെർത്ത്ഡേ ഡീഗോ, അറുപത് വയസ്സായി. നിങ്ങൾ തന്നെയാണ് ഒന്നാമത്, എനിക്ക് ശേഷം". ഇങ്ങനെയായിരുന്നു ക്രിസ്റ്റ്യാനോയുടെ രസകരമായ വീഡിയോ സന്ദേശം.
കോവിഡ് ബാധിതനായ ക്രിസ്റ്റ്യാനോ രോഗം ഭേദമായതിനെ തുടർന്ന് മൈതാനത്ത് തിരിച്ചെത്തിയിരുന്നു. ഇറ്റാലിയന്‍ സീരി എ ലീഗില്‍ യുവെന്റസ് ടീമിൽ താരവും ഉണ്ടായിരുന്നു. സ്പെസിയയെ 4-1 ന് യുവന്റസ് തകർത്തപ്പോൾ രണ്ട് ഗോളുകൾ റൊണാൾഡോയുടേതായിരുന്നു.
കോവിഡ് ബാധിതനായതിനെ തുടർന്ന് യുവന്റസിന് മൂന്ന് മത്സരങ്ങളിൽ റൊണാൾഡോയെ നഷ്ടമായിരുന്നു. ചാമ്പ്യൻസ് ലീഗിൽ ബാഴ്സയോടെ ടീം തോറ്റതും റൊണാൾഡോയുടെ അസാന്നിധ്യത്തിലായിരുന്നു.