റൊണാൾഡോയുടെ തിരിച്ചുവരവ് മത്സരം എന്ന രീതിയിൽ ഖ്യാതി നേടിയ മത്സരം ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്, റൊണാള്‍ഡോയുടെ വരവ് ആഘോഷമാക്കിയ കാണികളുടെ പേരിലാണ്. ഇന്നലെ നടന്ന മത്സരത്തില്‍ റൊണാള്‍ഡോ കളിക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മത്സരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കാനുള്ള കാണികളുടെ തിരക്കായിരുന്നു. മത്സരത്തിന്റെ ടിക്കറ്റ് വിൽപന വളരെ പെട്ടെന്ന് തന്നെ തീർന്നിരുന്നു. ഇതോടെ കരിഞ്ചന്തയിൽ ടിക്കറ്റ് വിൽക്കുന്നവർക്ക് കോൾ അടിക്കുകയായിരുന്നു. കരിഞ്ചന്തയിൽ നിന്നും ഒരു ടിക്കറ്റിന് 2,500 യൂറോ (ഏകദേശം 2 ലക്ഷം രൂപ) വരെ നൽകിയാണ് ആരാധകർ സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
advertisement
റൊണാൾഡോ യുണൈറ്റഡുമായി കരാറിൽ എത്തിയപ്പോൾ തന്നെ ടീമിന്റെ ആരാധകരെല്ലാം വലിയ ആവേശത്തിലായിരുന്നു. അന്നേദിവസം നടന്ന യുണൈറ്റെഡ് - വോൾവ്‌സ് മത്സരത്തിൽ യുണൈറ്റഡ് ആരാധകർ സ്റ്റേഡിയത്തിൽ റൊണാൾഡോയുടെ കട്ടൗട്ടും മറ്റും ഉയർത്തി താരത്തിനായി ആർപ്പ് വിളിച്ചിരുന്നു. അന്ന് മുതൽ അവരുടെ പ്രിയ താരത്തിന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയായിരുന്നു യുണൈറ്റഡ് ആരാധകർ.
റൊണാൾഡോ യുണൈറ്റഡിൽ എത്തിയതിന്റെ ഉന്മേഷം അവരുടെ താരങ്ങളിലും പ്രകടമായിരുന്നു. സൂപ്പർ താരത്തിന്റെ രണ്ടാം വരവിന് മികച്ച തുടക്കം നൽകാൻ മറ്റ് യുണൈറ്റഡ് താരങ്ങളും പറന്ന് കളിച്ചതോടെ ന്യൂകാസിലിനെതിരെ 4-1 എന്ന സ്കോറിനാണ് യുണൈറ്റഡ് ജയം നേടിയത്. റൊണാൾഡോയുടെ രണ്ടാം വരവിന് സാക്ഷിയാകാൻ എത്തിയ ആരാധർക്ക് ആഘോഷിക്കാൻ വക നൽകുന്നതായിരുന്നു റൊണാൾഡോയുടെ ഇരട്ട ഗോളുകളും അവരുടെ ടീമിന്റെ ജയവും.
'റൊണാൾഡോയെ സിറ്റിയുടെ ജേഴ്‌സിയിൽ കാണാൻ ആകുമായിരുന്നില്ല'; വെളിപ്പെടുത്തലുമായി ഫെർഗൂസൻ
റൊണാൾഡോയുടെ കൂടുമാറ്റത്തെ കുറിച്ചുള്ള കാര്യത്തിൽ തന്റെ പങ്കിനെ കുറിച്ചുള്ള കാര്യത്തിൽ മൗനം വെടിഞ്ഞിരിക്കുകയാണ് ഫെർഗൂസൻ. റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റി ജേഴ്സിയില്‍ കളിക്കുക എന്നത് തനിക്ക് സങ്കൽപ്പിക്കാൻ തനിക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന ഫെര്‍ഗൂസന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഓരോ ആരാധകർക്കും ഇതേ വികാരം തന്നെയാണ് പങ്കുവയ്ക്കാൻ ഉണ്ടാവുക എന്നും പറഞ്ഞു. അതുകൊണ്ട് തന്നെ താനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്നേഹിക്കുന്ന പലരും റൊണാള്‍ഡോയെ തിരികെ മാഞ്ചസ്റ്ററിലേക്ക് എത്തിക്കാന്‍ മുൻകൈ എടുത്തിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. റൊണാള്‍ഡോയെ വീണ്ടും യുണൈറ്റഡ് ജേഴ്സിയില്‍ കാണുന്നത് ആവേശകരമായിരുന്നുവെന്നും ഫെർഗൂസൻ പറഞ്ഞു.
ഇന്നലെ ന്യൂകാസിലിനെതിരായ യുണൈറ്റഡിന്റെ മത്സരം കാണാൻ ഫെർഗൂസനും ഓൾഡ് ട്രാഫോഡിൽ എത്തിയിരുന്നു. മത്സരത്തിൽ റൊണാള്‍ഡോ ഗോള്‍ അടിച്ചപ്പോള്‍ നിറഞ്ഞുചിരിക്കുന്ന ഫെർഗൂസന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.