റുതുരാജ് 60 പന്തില്‍ 108 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ശിവം ദുബെ 27 പന്തില്‍ 66 റൺസ് നേടി. ദുബെ ഏഴ് സിക്സും മൂന്ന് ഫോറും പറത്തിയപ്പോള്‍ റുതുരാജ് 12 ബൗണ്ടറിയും മൂന്ന് സിക്സും പറത്തി. അവസാന പന്ത് മാത്രം നേരിട്ട ധോണി ബൗണ്ടറിയടിച്ച് ചെന്നൈയെ 210ല്‍ എത്തിച്ചു. ലക്നൗവിനായി യാഷ് താക്കൂറും മൊഹ്സിന്‍ ഖാനും മാറ്റ് ഹെൻറിയും ഓരോ വിക്കറ്റെടുത്തു.
ചെന്നൈയുടെ തുടക്കം മികച്ചതായിരുന്നില്ല. ഒരു റൺസ് മാത്രമെടുത്ത ഓപ്പണർ അജിങ്ക്യ രഹാനയെ ആദ്യ ഓവറിലെ അവസാന പന്തില്‍ മാറ്റ് ഹെൻറി പുറത്താക്കി. ക്യാപ്റ്റന്‍ റുതുരാജും വണ്‍ ഡൗണായി എത്തിയ ഡാരില്‍ മിച്ചലും ചേര്‍ന്ന് ചെന്നൈയെ 50ന് അടുത്തെത്തിച്ചെങ്കിലും 11 റണ്‍സെടുത്ത മിച്ചലിനെ യാഷ് താക്കൂര്‍ മടക്കി. ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും തകര്‍ത്തടിച്ച റുതുരാജ് ചെന്നൈ സ്കോറുയര്‍ത്തി.
advertisement
28 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച റുതുരാജ് നാലാം നമ്പറിലെത്തിയ രവീന്ദ്ര ജഡേജക്കൊപ്പം ചെന്നൈയെ പന്ത്രണ്ടാം ഓവറില്‍ 100 കടത്തി. ചെന്നൈ 100 കടന്നതിന് പിന്നാലെ ജഡേജയെ(16) മൊഹ്സിന്‍ ഖാന്‍ മടക്കിയെങ്കിലും പീന്നീട് എത്തിയ ശിവം ദുബെ ക്യാപ്റ്റനൊപ്പം തകര്‍ത്തടിച്ചതോടെ ചെന്നൈ സ്കോർ കുതിച്ചുയർന്നു.
56 പന്തില്‍ റുതുരാജ് സെഞ്ചുറി നേടി. യാഷ് താക്കൂറിനെ തുടര്‍ച്ചയായി സിക്സും ഫോറും പറത്തിയാണ് റുതുരാജ് സെഞ്ചുറിയിലെത്തിയത്. 22 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ശിവം ദുബെയെ പുറത്താക്കാന്‍ ലഭിച്ച അവസരം ലക്നൗ കൈവിട്ടതോടെ ചെന്നൈ ആനായാസം 200 കടന്നു. അവസാന അഞ്ചോവറില്‍ 75 റണ്‍സാണ് ചെന്നൈ അടിച്ചെടുത്തത്.