ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ വാർണർക്ക് പകരം ഇംഗ്ലണ്ട് തരാം ജേസൺ റോയ് ആണ് ഇടം നേടിയത്. കിട്ടിയ അവസരം മികച്ച രീതിയിൽ ഉപയോഗിച്ച റോയ് തുടർ തോൽവികളിൽ വശംകെട്ട് നിൽക്കുകയായിരുന്ന ഹൈദരാബാദിന് തന്റെ അർധസെഞ്ചുറി പ്രകടനത്തിലൂടെ വിജയം സമ്മാനിക്കുകയും ചെയ്തു. റോയ് നടത്തിയ പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് വാർണർ ഇട്ട ഇൻസ്റ്റാഗ്രാം സ്റ്റോറി ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഇതിൽ വാർണർ മികച്ച പ്രകടനം നടത്തി തിരിച്ചുവരണം എന്ന് കമന്റ് ചെയ്ത ആരാധകന് മറുപടി നൽകിക്കൊണ്ടാണ് വാർണർ താൻ ടീം വിടുകയാണെന്ന സൂചന നൽകിയത്.
advertisement
2014ലാണ് ഹൈദരാബാദിനൊപ്പം വാര്‍ണര്‍ ചേരുന്നത്. 2015ൽ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത താരം 2016 ൽ ടീമിനെ അവരുടെ ആദ്യ ഐപിഎൽ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. 2016ന് ശേഷം പിന്നീട് തുടർച്ചയായ സീസണുകളിൽ ഹൈദരാബാദ് പ്ലേഓഫ് യോഗ്യത നേടുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇതിൽ 2018ൽ അവർ രണ്ടാം ഐപിഎൽ കിരീടത്തിനടുത്ത് വരെ എത്തിയെങ്കിലും ഫൈനലിൽ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സിനോട് തോൽക്കുകയായിരുന്നു.
കഴിഞ്ഞ സീസണിലും പ്ലേഓഫ് യോഗ്യത നേടിയ ടീം ഈ സീസണിൽ പാടെ നിരാശപ്പെടുത്തി. വാർണറുടെ പ്രകടനവും ഈ സീസണിൽ മോശമായിരുന്നു. സൺറൈസേഴ്‌സിൽ ചേർന്നതിന് ശേഷം പിന്നീടുള്ള എല്ലാ ഐപിഎൽ സീസണുകളിലും 500 ന് മേലെ സ്കോർ ചെയ്ത വാർണർക്ക് പക്ഷെ ഈ സീസണിൽ ആ മികവ് തുടരാൻ കഴിഞ്ഞില്ല. എട്ട് മത്സരങ്ങളിൽ നിന്നും 195 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. വാർണർ നിറം മങ്ങിയതോടെ ഹൈദരാബാദും പുറകോട്ട് പോവുകയായിരുന്നു. ഈ സീസണിൽ ഇതുവരെ രണ്ട് ജയങ്ങൾ മാത്രമാണ് ടീമിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. അതിനാൽ തന്നെ ഈ സീസണിലെ അവരുടെ പ്രതീക്ഷകൾ അസ്തമിച്ചു കഴിഞ്ഞു.
ഇനി വരുന്ന ലോകകപ്പിൽ ഓസ്‌ട്രേലിയക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയാൽ മാത്രമേ വാർണറെ നിലനിർത്താൻ ഹൈദരാബാദ് ഫ്രാഞ്ചൈസി തയാറാവുകയുള്ളൂ. അല്ലാത്ത പക്ഷം അടുത്ത സീസണിൽ താരം മെഗാലേലത്തിൽ ഉൾപ്പെടും.
