ഐപിഎല്ലിൽ ഫോം നഷ്ടം മൂലം കളിച്ചിരുന്ന ടീമിലെ ക്യാപ്റ്റൻ സ്ഥാനവും പിന്നീട് ടീമിലെ തന്നെ സ്ഥാനവും നഷ്ടപ്പെട്ട വാർണർ പക്ഷെ ലോകകപ്പിലേക്ക് എത്തിയപ്പോൾ തികച്ചും മറ്റൊരാൾ ആകുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോഴിതാ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ (Sunrisers Hyderabad) ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കപ്പെട്ടതും പിന്നാലെ ടീമിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ചുമെല്ലാം തുറന്നുപറയുകയാണ് വാര്‍ണര്‍.
'വര്‍ഷങ്ങളോളം നിങ്ങള്‍ ഏറ്റവുമധികം സ്നേഹിച്ച ടീമില്‍ നിന്ന് തന്റേതല്ലാത്ത കാരണത്താൽ, ഒരു മുന്നറിയിപ്പും തരാതെ ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കപ്പെടുമ്പോൾ, അത് വേദനിപ്പിക്കുന്നു. എന്നാൽ അതിൽ പരാതികളൊന്നുമില്ല. ഇന്ത്യയിലെ ആരാധകര്‍ എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നു, അവർക്ക് വേണ്ടിയാണ് കളിക്കുന്നത്, കാണികൾക്ക് ആവേശം പകരുന്ന പ്രകടനങ്ങൾ നടത്തുക, കൂടുതൽ മികവ് കൈവരിക്കുക ഇതൊക്കെയാണ് വേണ്ടത്.' - ഇക്കണോമിക് ടൈംസുമായുള്ള അഭിമുഖത്തിനിടെ വാർണർ പറഞ്ഞു.
advertisement
സൺറൈസേഴ്സിന്റെ പ്ലെയിംഗ് ഇലവനിൽ ഇടം നേടാതിരുന്ന സമയത്തും തന്റെ മികച്ചത് പുറത്തുകൊണ്ടുവരാൻ വേണ്ടി താൻ കഠിനമായി അധ്വാനിക്കുന്നുണ്ടായിരുന്നതായും പരിശീലന സമയങ്ങളിൽ നെറ്റ്സിൽ താൻ മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്നതായും വാർണർ കൂട്ടിച്ചേർത്തു.
“ഐപിഎല്ലിൽ ടീമിൽ ഇടം ലഭിക്കാത്തതിന്റെ കാരണം എന്തുമായിക്കൊള്ളട്ടെ, ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും കഠിനമായ പരിശീലനമാണ് ഞാൻ ചെയ്തിരുന്നതെന്ന് എനിക്ക് നിങ്ങളൂടെ പറയാൻ കഴിയും. നെറ്റ്‌സിൽ വളരെ നന്നായി ബാറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നു, അതിന്റെ ഫലം ലഭിക്കാൻ കുറച്ച് സമയം എടുത്തു എന്ന് മാത്രം. ” വാർണർ കൂട്ടിച്ചേർത്തു.
സൺറൈസേഴ്സിൽ നിന്ന് ഒഴിവാക്കപ്പെട്ടത് തന്നെ വേദനിപ്പിച്ചെങ്കിലും കായിക രംഗത്ത് ഇത് സാധാരണമാണ് എന്നതിനാൽ തനിക്ക് മറ്റൊരു അവസരം ഉയർന്ന് വരുമെന്ന ഉറപ്പുണ്ട്. അതിനാൽ തന്നെ ഇതുവരെ ചെയ്ത അധ്വാനം ഇനിയും തുടരുമെന്നും വാർണർ വ്യക്തമാക്കി.
“ടീമിൽ നിന്ന് ഒഴിവാക്കിയത് തീർച്ചയായും വേദനിപ്പിച്ചു, എന്നാൽ അതേസമയം എനിക്കായി മറ്റൊരു അവസരം ഉയർന്നു വരുമെന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു. കായിക രംഗത്ത് ഇത് സാധാരണമാണ്, നിങ്ങൾ സ്‌പോർട്‌സിനോട് സത്യസന്ധത പുലർത്തുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾക്ക് എല്ലായ്പ്പോഴും രണ്ടാമത്തെ അവസരം ലഭിക്കും. ക്രിക്കറ്റിനോട് കൂറ് പുലർത്തുന്നതിനൊപ്പം അങ്ങേയറ്റം കഠിനാധ്വാനം ചെയ്യാനുമാണ് ഞാൻ ശ്രമിച്ചത്, അത് ഫലവത്തായതിൽ സന്തോഷമുണ്ട്.” വാർണർ പറഞ്ഞു.