ടീമിന്റെ ജയം സൈനികർക്ക് സമർപ്പിച്ചത് പെരുമാറ്റചട്ട ലംഘനമെന്ന് കണ്ടത്തിയതിനെത്തുടർന്ന് ഇന്ത്യൻ ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ഐസിസി മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി. വാദം കേൾക്കുന്നതിനിടെ സൂര്യകുമാർ താൻ കുറ്റക്കാരനല്ലെന്ന് പറഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ വാദം തള്ളപ്പെട്ടുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. വിധിക്കെതിരെ ബിസിസിഐ അപ്പീൽ നൽകിയിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിനും ഓപ്പറേഷൻ സിന്ദൂറിൽ ഉൾപ്പെട്ട ഇന്ത്യൻ സായുധ സേനയ്ക്ക് തന്റെ ടീമിന്റെ വിജയം സമർപ്പിച്ചതിനും യാദവിനെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഐസിസിയിൽ ഔദ്യോഗികമായി പരാതി നൽകിയിരുന്നു. സെപ്റ്റംബർ 14 ന് പാകിസ്ഥാനെതിരായ ഇന്ത്യയുടെ ഏഷ്യാ കപ്പ് ഗ്രൂപ്പ് എ മത്സരത്തിന് ശേഷമായിരുന്നു സൂര്യകുമാർ യാദവിന്റെ പരാമർശം. സൂര്യകുമാറിന്റെ പരാമർശങ്ങൾ "രാഷ്ട്രീയപരം" ആണെന്നാണ് പിസിബിയുടെ അവകാശവാദം.
advertisement
പഹൽഗാമിലെ ഇരകളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി, ടോസ് സമയത്തും ശേഷവും പാകിസ്ഥാൻ കളിക്കാരുമായി പരമ്പരാഗതമായി ഹസ്തദാനം ചെയ്യാൻ ഇന്ത്യൻ താരങ്ങൾ തയ്യാറാകാഞ്ഞതും വിവാദങ്ങൾക്കിടയാക്കിയിരുന്നു.
അതേസമയം ഏഷ്യാ കപ്പ് മത്സരത്തിനിടെ ഇന്ത്യയ്‌ക്കെതിരായ മോശം പെരുമാറ്റത്തിനും ആക്രമണാത്മക ആംഗ്യം കാണിച്ചതിനും പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഹാരിസ് റൗഫിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തിയതായി ടൂർണമെന്റ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. വെടി കൊണ്ട് വീഴുന്ന യുദ്ധ വിമാനങ്ങളുടെ ആംഗ്യം മത്സരത്തിനിടെ കാണിച്ച് റൗഫ് ഇന്ത്യൻ ആരാധകരെ പരിഹസിച്ചിരുന്നു. അതേ മത്സരത്തിൽ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയതിന് ബാറ്റുകൊണ്ട് വെടിവെക്കുന്ന തരത്തിൽ ആംഗ്യം കാണിച്ച സാഹിബ്‌സാദ ഫർഹാന് മുന്നറിയിപ്പ് നൽകി പിഴയിൽ നിന്നൊഴിവാക്കി. ബിസിസിഐ ഔദ്യോഗികമായി നൽകിയ പരാതിയിൽ ഇരുവരും പ്രകോപനപരമായ ആംഗ്യങ്ങൾ കാണിച്ചതായി ആരോപിച്ചിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലിലിലാണ് ഇന്ത്യയും പാകിസ്ഥാനും ഇനി ഏറ്റുമുട്ടാൻ പോകുന്നത്