മത്സരത്തിന്‍റെ അധികസമയത്തെ രണ്ടാം പകുതിയിലാണ് മെസിയുടെ ഗോൾ വന്നത്. മത്സരം അവസാനിക്കാൻ 10 മിനിട്ടോളം ബാക്കിനിൽക്കെ മെസി ഈ ഗോൾ നേടുമ്പോൾ അർജന്‍റീനയുടെ പകരക്കാരായ രണ്ടുപേർ മൈതാനത്തുണ്ടായിരുന്നുവെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ ആരോപിക്കുന്നത്. ‘അർജന്റീനയുടെ മൂന്നാം ഗോൾ എന്തുകൊണ്ട് നൽകപ്പെടരുത്’ എന്ന പ്രകോപനപരമായ തലക്കെട്ടിൽ വന്ന വാർത്തയിൽ, എക്സ്ട്രാ ടൈമിൽ മെസ്സി തിരിച്ചടിക്കുമ്പോൾ അർജന്‍റീനയുടെ രണ്ട് പകരക്കാർ മൈതാനത്തുണ്ടായിരുന്നതെങ്ങനെയെന്ന ചോദ്യം ഉന്നയിക്കുന്നു.
ഫിഫയുടെ ഫുട്ബോൾ നിയമം 3, ഖണ്ഡിക 9-പ്രകാരം: “ഒരു ഗോൾ നേടുന്ന സമയത്ത് കൂടുതൽ ആൾ പിച്ചിൽ ഉണ്ടായിരുന്നുവെങ്കിൽ റഫറി ഗോൾ അനുവദിക്കരുത്: ഗോൾ നേടുന്ന സമയത്ത് ബെഞ്ചിലുള്ള താരങ്ങളോ, ആ ടീമിന്‍റെ ഒഫീഷ്യൽസോ മൈതാനത്ത് ഉണ്ടെങ്കിൽ അവരെ പുറത്താക്കിയശേഷം ഫ്രീകിക്കിലൂടെ കളി പുനരാരംഭിക്കണം”. ഈ നിയമപ്രകാരം അർജന്‍റീന നേടിയ മൂന്നാമത്തെ ഗോൾ ഒരുകാരണവശാലും അനുവദിക്കരുതായിരുന്നുവെന്നാണ് ഫ്രഞ്ച് മാധ്യമങ്ങളുടെയും ആരാധകരുടെയും ആവശ്യം.
advertisement
Also Read- ലോകകപ്പിലെ മുഴുവൻ മത്സരങ്ങളും നേരിൽ കണ്ട ആദ്യ വ്യക്തി; ബ്രിട്ടീഷ് യുവാവിന് അഭിനന്ദനം അറിയിച്ച് ഫിഫ
ഏതായാലും വിവാദം മുറുകിയതോടെ മത്സരം നിയന്ത്രിച്ച പോളണ്ടുകാരനായ റഫറി സൈമൺ മാർസിനിയാക് തന്നെ ഇപ്പോൾ പ്രതികരണവുമായി രംഗത്തെത്തി. മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം ഫോണിൽ ഒരു ചിത്രം ഉയർത്തിക്കാട്ടിയാണ് ആരോപണങ്ങൾക്ക് മറുപടി നൽകുന്നത്. “ഫ്രഞ്ച് മാധ്യമങ്ങളോ ആരാധകരോ ഈ ഫോട്ടോ പരാമർശിച്ചില്ല, മത്സരത്തിൽ നിശ്ചിതസമയത്ത് എംബാപ്പെ ഗോൾ നേടുമ്പോൾ ബെഞ്ചിലുണ്ടായിരുന്ന ഏഴ് ഫ്രഞ്ച് കളിക്കാർ മൈതാനത്തുണ്ട്”. മെസിയുടെ ഗോൾ വിവാദമാക്കുന്നവർ എംബാപ്പെയുടെ ഈ ഗോൾ ശരിക്കും കണ്ടിരുന്നോയെന്നും മാർസിനിയാക്ക് ചോദിക്കുന്നു.