കഴിഞ്ഞ സീസണിലെ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് സഞ്ജുവും ടീം മാനേജ്മെന്റുമായുള്ള ഭിന്നത വർദ്ധിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്വന്തം ബാറ്റിംഗ് പൊസിഷൻ തിരഞ്ഞെടുക്കാൻ ടീമിൽ അവസരം നൽകാത്തതും മറ്റൊരു കാരണമായി റിപ്പോർട്ടിൽ പറയുന്നു. 2025 ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായി രാജസ്ഥാൻ 18 കോടി രൂപയ്ക്ക് സഞ്ജുവിനെ നിലനിർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ ഒമ്പത് മത്സരങ്ങൾ മാത്രം കളിച്ച സഞ്ജുവിന് ഒരു അർദ്ധസെഞ്ച്വറിയുൾപ്പെടെ 285 റൺസ് മാത്രമെ നേടാനായുള്ളു.
രാജസ്ഥാനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും (149), ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനും (4027) സഞ്ജുവാണ്. ഐപിഎൽ 2021 സീസണിന് മുന്നോടിയായാണ് സഞ്ജു രാജസ്ഥാന്റെ ക്യാപ്റ്റനായി നിയമിതനാകുന്നത്.കഴിഞ്ഞ നാല് വർഷത്തിനിടെ 67 മത്സരങ്ങളിൽ സഞ്ജു രാജസ്ഥാനെ നയിച്ചു. ഇതിൽ 33 മത്സരങ്ങളിൽ ടീം വിജയം നേടിയിട്ടുണ്ട്.
advertisement
സഞ്ജു ചെന്നൈ ടീമിന്റെ ഭാഗമാകുന്നു എന്ന വാർത്തകളോട് കഴിഞ്ഞ ദിവസം രാജസ്ഥൻ റോയൽസ് പ്രതികരിച്ചിരുന്നു. സഞ്ജുവിനെയോ അവരുടെ കളിക്കാരെയോ കൈമാറ്റം ചെയ്യാൻ ആർആർ പദ്ധതിയിടുന്നില്ല എന്നാണ് ടീമുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നത്. എന്നാൽ സഞ്ജുവിനെ ചെന്നൈക്ക് കൈമാറണമെങ്കിൽ പകരം താരങ്ങളെ വേണമെന്നാണ് രാജസ്ഥാന്റെ നിലപാടെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മറ്റ് റിപ്പോർട്ടുകൾ ഇന്ന് പുറത്തുവന്നിരുന്നു.