ലോര്‍ഡ്സ് ടെസ്റ്റില്‍ ഐതിഹാസിക ജയമാണ് വിരാട് കോഹ്ലിയും സംഘവും കരസ്ഥമാക്കിയിരിക്കുന്നത്. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ക്കണ്ടതിന് ശേഷമാണ് ഇന്ത്യന്‍ സംഘം ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് വെന്നിക്കൊടി പാറിച്ചത്. ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് ആതിഥേയരായ ഇംഗ്ലണ്ടിനെ 151 റണ്‍സിനാണ് ഇന്ത്യ മുട്ടുകുത്തിച്ചത്. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. അതേസമയം വസിം ജാഫറിന്റെ ട്വീറ്റും വൈറലായിരിക്കുകയാണ്. 'പ്രിയപ്പെട്ട ഇംഗ്ലണ്ട്, ഓഗസ്റ്റ് 15ന് ശേഷം ഇന്ത്യയോട് കളിക്കാന്‍ നില്‍ക്കരുത്' എന്നാണ് വസിം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചത്.
advertisement
നേരത്തെ തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം ഗംഭീര പോരാട്ടം കാഴ്ചവെച്ച ഇന്ത്യന്‍ വാലറ്റത്തിന്റെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് മത്സരത്തില്‍ മികച്ച ലീഡ് നേടിയെടുക്കാന്‍ സഹായിച്ചത്. ഇംഗ്ലണ്ട് ബൗളര്‍മാരെ വശം കെടുത്തുന്ന പ്രകടനം പുറത്തെടുത്ത ഷമിയും ബുംറയും കൂടി ഒമ്പതാം വിക്കറ്റില്‍ 89 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇവരുടെ ഈ പ്രകടനമാണ് ഇന്ത്യക്ക് 270 റണ്‍സിന്റെ ലീഡ് സമ്മാനിച്ചത്. ഒമ്പതാം വിക്കറ്റില്‍ ഇന്ത്യയുടെ ഉയര്‍ന്ന കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് കുറിച്ചത്.
ലോര്‍ഡ്സ് ടെസ്റ്റില്‍ ഇന്ത്യയുടെ റിവ്യുകള്‍ നഷ്ടപ്പെടുത്തിയതിന് മുഹമ്മദ് സിറാജിനെ ട്രോളിയും വസിം ജാഫര്‍ എത്തിയിരുന്നു. ഡിആര്‍എസിന് രസകരമായ ഒരു നിര്‍വചനം കണ്ടെത്തി അതിലൂടെയാണ് ജാഫര്‍ സിറാജിനെ ട്രോളിയത്. 'ഡിആര്‍എസ്: റിവ്യു ചെയ്യല്ലേ സിറാജേ' ( DRS: Don't Review Siraj) എന്നാണ് വസീം ജാഫര്‍ തന്റെ ട്വീറ്റില്‍ കുറിച്ചത്. ലോര്‍ഡ്സ് ടെസ്റ്റിലെ രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്യവേ രണ്ട് റിവ്യൂകള്‍ എടുക്കാന്‍ സിറാജ് കോഹ്ലിയെ നിര്‍ബന്ധിച്ചിരുന്നു. സിറാജിന്റെ നിര്‍ബന്ധത്താല്‍ താരത്തെ വിശ്വാസത്തിലെടുത്ത് കൊണ്ട് മനസ്സില്ലാമനസ്സോടെയാണെങ്കിലും കോഹ്ലി രണ്ട് റിവ്യൂകളും എടുത്തു. എന്നാല്‍ രണ്ടും ഇംഗ്ലണ്ടിന് അനുകൂലമായുള്ള ഫലം തന്നെയാണ് വന്നത്.