ഡ്വെയ്ന്‍ ബ്രാവോയ്ക്കൊപ്പം ക്രിസ് ഗെയ്ലിനും (Chris Gayle) വിന്‍ഡീസ് ടീം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയതോടെ താരത്തിന്റെ വിരമിക്കല്‍ അഭ്യൂഹവും ഉയര്‍ന്നിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി കൂളിംഗ് ഗ്ലാസ് ധരിച്ചാണ് ഗെയ്ല്‍ ബാറ്റ് ചെയ്യാനിറങ്ങിയത്. ഒമ്പത് പന്തില്‍ രണ്ട് സിക്സ് അടക്കം 15 റണ്‍സടിച്ച ഗെയ്‌ലിനെ പാറ്റ് കമ്മിന്‍സ് ബൗള്‍ഡാക്കി. തുടര്‍ന്ന് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ ഗെയ്ല്‍ ചിരിച്ചുകൊണ്ട് ബാറ്റുയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്താണ് ക്രീസ് വിട്ടത്.
മത്സരത്തില്‍ ഫീല്‍ഡിങ്ങിനെത്തിയപ്പോള്‍ ഗെയ്ല്‍ തന്റെ 'കുട്ടിക്കളി'യിലൂടെ ആരാധകരേയും സഹതാരങ്ങളെയും ചിരിപ്പിച്ചിരുന്നു. മത്സരത്തില്‍ അവസാന അഞ്ചോവറില്‍ 9 റണ്‍സ് വേണമെന്നിരിക്കെ പൊള്ളാര്‍ഡ് ഓവര്‍ ക്രിസ് ഗെയ്‌ലിന് നല്‍കി.
advertisement
ക്രീസില്‍ ഉണ്ടായിരുന്ന വാര്‍ണറിനെതിരെയായിരുന്നു ആദ്യ പന്ത് എറിഞ്ഞത്. വാര്‍ണര്‍ റിവേഴ്സ് സ്വീപിന് ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ബുദ്ധിപൂര്‍വ്വം ഗെയ്ല്‍ ലെഗ് സൈഡിലേക്ക് നീട്ടി എറിഞ്ഞത് കൊണ്ട് പന്ത് ബാറ്റില്‍ കൊണ്ടില്ല. അമ്പയര്‍ വൈഡ് വിളിക്കുകയും ചെയ്തില്ല. ഇതോടെ വൈഡ് വിളിക്കാത്തതിനുള്ള കാരണം ചോദ്യം ചെയ്ത് വാര്‍ണര്‍ അമ്പയര്‍ക്ക് നേരെ എത്തുകയും ചെയ്തു. ഈ തര്‍ക്കത്തിന് ഇടയില്‍ തനിക്ക് നിയമം അറിയില്ലേയെന്നും തമാശരൂപത്തില്‍ ചോദിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
മറ്റൊരു സംഭവം കൂടി ഇതിനിടെ നടന്നു. തന്റെ ഓവറില്‍ സ്റ്റമ്പിങ്ങില്‍ നിന്ന് രക്ഷപ്പെട്ട വാര്‍ണറിന് നേരെ ഗെയ്ല്‍ കുസൃതി ഒപ്പിക്കുകയായിരുന്നു. അടുത്ത ബോള്‍ നേരിടാന്‍ വാര്‍ണര്‍ തയ്യാറാകുന്നതിനിടെ, സ്‌ട്രൈക് എന്‍ഡിലേക്ക് ഗെയ്ല്‍ ഓടി വാര്‍ണറിന്റെ പോക്കറ്റില്‍ കൈയ്യിടുകയായിരുന്നു. ഈ ഫോട്ടോ പങ്കുവെച്ച് ആരാധകരും സോഷ്യല്‍ മീഡിയയില്‍ ട്രോളുമായി നിമിഷങ്ങള്‍ക്കം എത്തി. വാര്‍ണറിന്റെ പോക്കറ്റില്‍ സാന്റ് പേപ്പര്‍(Sandpaper) ഉണ്ടോയെന്ന് ഗെയ്ല്‍ തിരയുകയായിരുന്നുവെന്നാണ് ചില ആരാധകര്‍ ട്വിറ്ററില്‍ കുറിച്ചത്.
മത്സരത്തിന് പിന്നാലെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ച് 'യൂണിവേഴ്‌സല്‍ ബോസ്സ്' ക്രിസ് ഗെയ്ല്‍ രംഗത്തെത്തി. തന്റെ ജന്മനാടായ ജമൈക്കയില്‍ വെച്ച് വിടവാങ്ങല്‍ മത്സരം കളിച്ചാവും അവസാനം എന്ന് ഗെയ്ല്‍ വ്യക്തമാക്കി. 'ബ്രാവോയെ പോലൊരു ഇതിഹാസം വിടവാങ്ങുകയാണ്. ഞാന്‍ അവിടെ എന്റെ സമയം ആസ്വദിക്കുകയാണ് ചെയ്തത്. കാണികളുമായി സംവദിക്കുകയായിരുന്നു. ഒരു ലോകകപ്പ് കൂടി കളിക്കണം എന്ന് എനിക്കുണ്ട്. എന്നാല്‍ അവര്‍ അതിന് അനുവദിക്കും എന്ന് എനിക്ക് തോന്നുന്നില്ല.'- ഗെയ്ല്‍ പറഞ്ഞു.