'പ്രിയപ്പെട്ട ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ് മികച്ച പ്രകടനത്തിലൂടെ ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് അഭിമാന മുഹൂര്‍ത്തമാണ് സമ്മാനിച്ചത്. ഒരു മലയാളിയെന്ന നിലയില്‍ ഈ നേട്ടത്തില്‍ എനിക്കും അഭിമാനമുണ്ട്. രാജ്യത്ത് ഹോക്കിയിലുള്ള താല്‍പര്യം വര്‍ധിക്കാന്‍ ഈ നേട്ടം ഇടയാക്കിയിട്ടുണ്ട്. ശ്രീജേഷിന്റെയും സഹ താരങ്ങളുടെയും പ്രകടനം നൂറുകണക്കിന് യുവതീയുവാക്കളെ തുടര്‍ന്നും പ്രചോദിപ്പിക്കുമെന്നുറപ്പാണ്' - ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.
ടോക്യോയില്‍ നിന്നും ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ശ്രീജേഷിനെ ദുബായില്‍ നിന്ന് ഫോണില്‍ ബന്ധപ്പെട്ടാണ് ഡോ. ഷംഷീര്‍ സമ്മാനത്തുകയുടെ കാര്യം അറിയിച്ചത്. ഒരു മലയാളിയില്‍ നിന്ന് തേടിയെത്തിയ സമ്മാനം വിലമതിക്കാനാവാത്തതാണെന്നായിരുന്നു ശ്രീജേഷിന്റെ പ്രതികരണം.
'ഒരു മലയാളിയില്‍ നിന്ന് തേടിയെത്തിയ സമ്മാനം വിലമതിക്കാനാവാത്തതാണ്. ഡോ. ഷംഷീറിന്റെ ഫോണ്‍ കോള്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ടീമിന്റെയും എന്റെയും പ്രകടനത്തെ അഭിനന്ദിക്കാനായി വിളിച്ചതിനും സംസാരിച്ചതിനും വളരെയധികം നന്ദി. അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇത്രയും വലിയൊരു തുക കേട്ടുമാത്രമേ പരിചയമുള്ളൂ. അത് പാരിതോഷികമായി നല്‍കുന്നുവെന്നറിയുന്നതില്‍ വളരെയധികം സന്തോഷമുണ്ട്'- ശ്രീജേഷ് പറഞ്ഞു.
ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറും ടോക്യോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവുമായ മലയാളി താരം പി ആര്‍ ശ്രീജേഷിന് കേരള സര്‍ക്കാര്‍ ഇതുവരെയും പാരിതോഷികം പ്രഖ്യാപിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ കായിക താരത്തെ മുഴുവന്‍ കേരള സര്‍ക്കാര്‍ അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുകയാണെന്നാണ് ആരാധകരുടെ വിമര്‍ശനം. ശ്രീജേഷിന് ആദ്യം പുരസ്‌കാരം പ്രഖ്യാപിക്കേണ്ടിയിരുന്നത് കേരളമാണെന്നും എന്നാല്‍ അത് ഉണ്ടായില്ലെന്നും ആരാധകര്‍ പറയുന്നു.
കേരള ഹോക്കി ഫെഡറേഷന്റെ വക അഞ്ചു ലക്ഷം രൂപ മാത്രമാണ് ഇതുവരെ ശ്രീജേഷിന് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനിടെ ഒളിമ്പിക് മെഡല്‍ നേടിയ ശ്രീജേഷിനെ കൈത്തറി മുണ്ടും ഷര്‍ട്ടും സമ്മാനമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേരള സര്‍ക്കാരിന് കീഴിലുള്ള കൈത്തറി വിഭാഗമാണ് ശ്രീജേഷിനെ മുണ്ടും ഷര്‍ട്ടും നല്‍കുന്നത്.