'ഡിആര്‍എസ്: റിവ്യു ചെയ്യല്ലേ സിറാജേ' ( DRS: Don't Review Siraj) എന്നാണ് വസീം ജാഫർ തന്റെ ട്വീറ്റിൽ കുറിച്ചിരിക്കുന്നത്. ലോര്‍ഡ്‌സ് ടെസ്റ്റിലെ രണ്ടാം ദിനത്തിൽ ഇംഗ്ലണ്ട് ബാറ്റ് ചെയ്യവേ രണ്ട് റിവ്യൂകൾ എടുക്കാൻ സിറാജ് കോഹ്‌ലിയെ നിര്‍ബന്ധിച്ചിരുന്നു. സിറാജിന്റെ നിർബന്ധത്താൽ താരത്തെ വിശ്വാസത്തിലെടുത്ത് കൊണ്ട് മനസ്സില്ലാമനസ്സോടെയാണെങ്കിലും കോഹ്ലി രണ്ട് റിവ്യൂകളും എടുത്തു. എന്നാല്‍ രണ്ടും ഇംഗ്ലണ്ടിന് അനുകൂലമായുള്ള ഫലം തന്നെയാണ് വന്നത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെ മടക്കാനുള്ള തിടുക്കമാണ് ഇന്ത്യയുടെ റിവ്യൂ നഷ്ടത്തിലേക്ക് വഴി വെച്ചത്.
advertisement
തുടക്കത്തിൽ ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ട് പ്രതിരോധത്തിയ ശേഷം ഇംഗ്ലണ്ട് ക്യാപ്റ്റനായ ജോ റൂട്ടാണ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ആദ്യത്തെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയത് സിറാജ് ആയിരുന്നു. മികച്ച ഫോമിലാണ് താരം പന്തെറിഞ്ഞിരുന്നത് എന്നതിനാലാണ് കോഹ്ലി സിറാജിന്റെ നിർബന്ധത്തിന് വഴങ്ങി റിവ്യൂന് പോയത്.
അതേസമയം സിറാജ് റിവ്യൂ എടുക്കാൻ നിർബന്ധിച്ചുകൊണ്ടിരുന്നപ്പോൾ ഇന്ത്യൻ ക്യാപ്റ്റനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ഋഷഭ് പന്ത് നടത്തിയ ശ്രമങ്ങൾ വൈറലായിരുന്നു. ഇന്നലെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ 23ാ൦ ഓവറിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. സിറാജ് തന്നെയായിരുന്നു ഈ ഓവർ എറിയാൻ എത്തിയത്. ഓവറിലെ നാലാം പന്ത് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ പാഡില്‍ തട്ടി. എല്‍ ബി ഡബ്ലിയുവിനായി സിറാജ് അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തു. എന്നാല്‍ അമ്പയര്‍ ഔട്ട് അനുവദിച്ചില്ല. വിക്കറ്റാണെന്ന സംശയം സിറാജിനും കോഹ്ലിക്കും ഉണ്ടായിരുന്നു.
എന്നാല്‍, ഡി ആര്‍ എസ് എടുക്കേണ്ട ആവശ്യമില്ലെന്നും വിക്കറ്റാകാന്‍ സാധ്യതയില്ലെന്നും ഋഷഭ് പന്ത് ഉറപ്പിച്ചു പറഞ്ഞു. കോഹ്ലി അഭിപ്രായം ചോദിച്ചപ്പോഴും റിവ്യു നഷ്ടപ്പെടുത്തരുത് എന്നാണ് പന്ത് പറഞ്ഞത്. പന്തിന്റെ ഗൗരവത്തിലുള്ള പ്രതികരണങ്ങള്‍ കണ്ട് വിരാട് കോഹ്ലിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. സിറാജ് അടക്കമുള്ള മറ്റ് താരങ്ങളും ചിരിക്കാന്‍ തുടങ്ങി. എന്നാല്‍, പന്ത് മാത്രം തന്റെ ഗൗരവ ഭാവം തുടര്‍ന്നു. എന്നാല്‍ സിറാജിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് കോഹ്ലി ഡി ആര്‍ എസ് എടുത്തു. അപ്പോഴും കോഹ്ലിയുടെ കയ്യില്‍ തട്ടി അരുതെന്ന് പന്ത് പറയുന്നുണ്ടായിരുന്നു. പന്ത് വിക്കറ്റിനു പുറത്താണെന്ന് ഡി ആര്‍ എസില്‍ വ്യക്തമായി. അത് നോട്ട് ഔട്ട് തന്നെയെന്ന് മൂന്നാം അമ്പയറും വിധിച്ചു.
അതേസമയം ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 364 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ട് മത്സരത്തിന്റെ മൂന്നാം ദിനത്തിൽ മികച്ച നിലയിലാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സ്കോർ പിന്തുടർന്ന് മുന്നേറുന്ന അവർ 73.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് എന്ന നിലയിലാണ്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടും ജോണി ബെയർസ്റ്റോയും കൂടി നാലാം വിക്കറ്റിൽ ഇതുവരെ 109 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. റൂട്ട് 89 റൺസോടെയും ബെയർസ്‌റ്റോ 51 റൺസോടെയും ബാറ്റിംഗ് തുടരുന്നു.