ഗ്രൂപ്പ് ഘട്ടത്തില്‍ 10 ഗോളുകളുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടി ക്വാർട്ടറിലേക്ക് യോഗ്യത നേടിയ ഗോകുലം കിരീടം നിലനിർത്താനുള്ള പ്രതീക്ഷയിലാണ് മത്സരത്തിന് ഇറങ്ങിയതെങ്കിലും മുഹമ്മദൻസ് ഗോകുലത്തിന്റെ പ്രതീക്ഷ അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം, കളിയുടെ വിധി നിശ്ചയിച്ച് മാർക്കസ് നേടിയ ഗോളിന് തൊട്ടുമുൻപ് ഗോകുലം മുഹമ്മദൻസിന്റെ വലയിൽ പന്തെത്തിച്ചിരുന്നു. എന്നാൽ വിവാദ തീരുമാനത്തിൽ റഫറി ആ ഗോൾ ഓഫ്സൈഡ് വിളിച്ചു. അതിനു ശേഷമുള്ള കൗണ്ടറിൽ ആണ് മാർക്കസിനെ മൊഹമ്മദൻസ് കണ്ടെത്തിയത്. മാർക്കസ് ഗോകുലം ഡിഫൻസിനെ ഡ്രിബിൾ ചെയ്ത് മാറ്റി ഗോൾ നേടി മൊഹമ്മദൻസിനെ സെമിയിലേക്ക് എത്തിച്ചു.
advertisement
ഒരു ഗോളിന്റെ കടവുമായി രണ്ടാം പകുതിയില്‍ ഇറങ്ങിയ ഗോകുലത്തിന് പക്ഷെ കാര്യമായി വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. അവസാന നിമിഷങ്ങളിൽ ഗോകുലം താരങ്ങൾ മുഹമ്മദൻസ് പ്രതിരോധ നിരയെ പരീക്ഷിച്ചുകൊണ്ട് ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അവയൊന്നും ഗോളിൽ കലാശിച്ചില്ല.
സെപ്റ്റംബര്‍ 27-ന് നടക്കുന്ന ടൂർണമെന്റിലെ സെമി ഫൈനല്‍ പോരാട്ടത്തില്‍ മുഹമ്മദന്‍സ് എഫ്സി ബെംഗളൂരു യുണൈറ്റഡിനെ നേരിടും. ഇന്ന് നടക്കേണ്ടിയിരുന്ന ബെംഗളൂരു യുണൈറ്റഡ് - ആർമി റെഡ് ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിൽ കോവിഡ് കേസുകള്‍ കാരണം ആർമി റെഡ് ടീം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതോടെ നേരിട്ട് സെമി പ്രവേശനം നേടിയാണ് ഐ ലീഗ് രണ്ടാം ഡിവിഷൻ ക്ലബായ ബെംഗളൂരു യുണൈറ്റഡ് മുഹമ്മദൻസിനെ നേരിടാനെത്തുന്നത്.
ഗോകുലവും പുറത്തായതോടെ കേരളത്തിൽ നിന്നുള്ള ടീമുകളുടെ പോരാട്ടം അവസാനിച്ചു. ഗോകുലത്തിന് പുറമെ കേരളത്തിൽ നിന്നുള്ള മറ്റൊരു ടീമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിരുന്നു.