ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ 15 റൺസ് ചേർക്കുമ്പോഴേക്കും ക്യാപ്റ്റൻ നുവാനിന്ദു ഫെർണാണ്ടോ ഉൾപ്പെടെ 4 പേർ പവലിയനിൽ തിരിച്ചെത്തി. 7 പന്തിൽ 4 റൺസായിരുന്നു ഫെർണാണ്ടോയുടെ സമ്പാദ്യം. ഓപ്പണർ യശോധ ലങ്ക (1), ലഹിരു ഉഡാര (5), അഹാൻ വിക്രമസിംഗെ (4) എന്നിവരാണ് പുറത്തായ മറ്റുള്ളവർ.
സഹൻ അരാച്ചിഗെയുടെ അർധ സെഞ്ചുറിയാണ് ശ്രീലങ്കയെ വൻതകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയത്. 47 പന്തുകൾ നേരിട്ട സഹൻ 6 ഫോറുകൾ സഹിതം 64 റൺസുമായി പുറത്താകാതെ നിന്നു. 21പന്തിൽ ഒരു സിക്സ് സഹിതം 20 റൺസെടുത്ത പവൻ രത്‌നനായകെ, 19 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 23 റൺസെടുത്ത നിമേഷ് വിമുക്തി എന്നിവരുടെ ഇന്നിങ്സുകളും നിർണായകമായി. അഫ്ഗാനിസ്ഥാനായി ബിലാൽ സാമി 4 ഓവറിൽ 22 റൺസ് വഴങ്ങി മൂന്നും അല്ലാ ഗസൻഫർ 4 ഓവറിൽ 14 റൺസ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി.
advertisement
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. ആദ്യ പന്തിൽത്തന്നെ ഓപ്പണർ സുബൈദ് അക്ബാരി പുറത്തായി. സെമിയിൽ ഇന്ത്യയ്‌ക്കെതിരെ അക്ബാരി അർധസെഞ്ചുറി നേടിയിരുന്നു.
എന്നാൽ, 55 പന്തിൽ 3 ഫോറും ഒരു സിക്സും സഹിതം 55 റൺസെടുത്ത സെദീഖുല്ല അടൽ, 20 പന്തിൽ 24 റൺസെടുത്ത ക്യാപ്റ്റൻ ഡാർവിഷ് റസൂൽ, 27 പന്തിൽ 33 റൺസെടുത്ത കരിം ജാനത്ത്, ആറു പന്തിൽ 16 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് ഇഷാഖ് എന്നിവർ ചേർന്ന് അഫ്ഗാനെ കിരീടവിജയത്തിലേക്ക് നയിച്ചു. ശ്രീലങ്കയ്‌ക്കായി സഹൻ അരച്ചിഗെ, ദുഷൻ ഹേമന്ദ, ഇഷാൻ മലിംഗ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.