വൺ എക്സ് ബെറ്റിംഗ് ആപ്പ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നയുടെയും ശിഖർ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച കണ്ടുകെട്ടി. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പ്രകാരമാണ് സുരേഷ് റെയ്‌നയുടെയും ശിഖർ ധവാന്റെയും സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടിയതെന്ന് ഇഡി അറിയിച്ചു.
advertisement
റെയ്‌നയുടെ പേരിലുള്ള 6.64 കോടി രൂപയുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും ധവാന്റെ പേരിലുള്ള 4.5 കോടി രൂപയുടെ സ്ഥാവര വസ്തുക്കളും കണ്ടുകെട്ടിയതിൽ ഉൾപ്പെടുന്നുവെന്ന് ഇഡി അറിയിച്ചു. നാല് പേയ്‌മെന്റ് ഗേറ്റ്വേകളിൽ നടത്തിയ റെയ്ഡുകളിൽ 1,000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കണ്ടെത്തിയതായും ഇഡി പറഞ്ഞു.
18 വർഷമായി പ്രവർത്തിക്കുന്ന 1xBet ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമാണ്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പും നികുതി വെട്ടിപ്പും ആരോപിച്ച് ഇത്തരം ബെറ്റിംഗ് ആപ്പുകൾക്കതിരെയുള്ള ഇഡിയുടെ വിപുലമായ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി
ഇന്ത്യയിലുടനീളം നിയമവിരുദ്ധമായ ഓൺലൈൻ വാതുവെപ്പ്, ചൂതാട്ട പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും സുഗമമാക്കുന്നതിലും 1xBet ഉം അതിന്റെ ഉപ ബ്രാൻഡായ 1xBat, 1xBat സ്പോർട്ടിംഗ് ലൈനുകളും ഏർപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ഇഡി പറഞ്ഞു. 1xBet പ്രൊമോട്ട് ചെയ്യുന്നതിനായി വിദേശ സ്ഥാപനങ്ങളുമായി റെയ്‌നയും ധവാനും അറിഞ്ഞുകൊണ്ട് തന്നെ എൻഡോഴ്‌സ്‌മെന്റ് കരാറുകളിൽ ഏർപ്പെട്ടിരുന്നുവെന്നും ഇഡി പറഞ്ഞു.
1xBet ഇന്ത്യയിൽ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും സോഷ്യൽ മീഡിയ, ഓൺലൈൻ വീഡിയോകൾ, പ്രിന്റ് മീഡിയ എന്നിവയിലൂടെ ഇന്ത്യൻ ഉപയോക്താക്കളെ ലക്ഷ്യം വയ്ക്കുന്നതിനായി പരസ്യങ്ങളും മറ്റും ഉപയോഗിച്ചിട്ടുണ്ടെന്നും കേന്ദ്ര ഏജൻസി പറഞ്ഞു.
വിദേശ ഇടനിലക്കാരെ ഉപയോഗിച്ച് നിയമവിരുദ്ധമായ ഫണ്ടിന്റെ ഉറവിടം മറച്ചുവെക്കാൻ ലെയേർഡ് ഇടപാടുകളിലൂടെയാണ് എൻഡോഴ്‌സ്‌മെന്റുകൾക്കുള്ള പേയ്‌മെന്റുകൾ നടത്തിയിരുന്നത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഓൺലൈൻ വാതുവെപ്പ് അല്ലെങ്കിൽ ചൂതാട്ട പ്ലാറ്റ്‌ഫോമുകൾ വഴി പണം നിക്ഷേപിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു.
