നേരത്തെ ടോസ് നേടിയ നെതർലൻഡ്സ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയയ്ക്കുമ്പോൾ ഇതുപോലൊരു വെടിക്കെട്ട് പ്രതീക്ഷിച്ചു കാണില്ല. ജോസ് ബട്ട്‌ലറുടെ തകർപ്പൻ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് ലോക റെക്കോർഡ് സ്കോർ സമ്മാനിച്ചത്. 70 പന്ത് നേരിട്ട ബട്ട്‌ലർ പുറത്താകാതെ 162 റൺസാണ് അടിച്ചുകൂട്ടിയത്. ബട്ട്‌ലറെ കൂടാതെ ഫിൽ സാൾട്ട്(122), ദാവിദ് മലാൻ(125) എന്നിവരും ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടി. ലിവിംഗ്‌സ്റ്റൺ 22 പന്തിൽ നിന്ന് 66 റൺസ് നേടി. ഇംഗ്ലണ്ട് ഇന്ന് 26 സിക്‌സറുകളാണ് അടിച്ചു കൂട്ടിയത്. ഇതിൽ 14 എണ്ണവും ബട്ട്‌ലറുടെ വകയായിരുന്നു. 47 പന്തിലാണ് ബട്ട്‌ലർ സെഞ്ച്വറി കടന്നത്.
advertisement
ജേസൻ റോയിയെ റൺസൊന്നുമെടുക്കാതെ പുറത്താക്കിയാണ് നെതർലൻഡ്സ് ബോളർമാർ തുടങ്ങിയത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന മലാൻ-സാൾട്ട് കൂട്ടുകെട്ട് ഇംഗ്ലണ്ടിന് ഗംഭീര തുടക്കം സമ്മാനിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 233 റൺസാണ് കൂട്ടിച്ചേർത്തത്. തുടർന്നെത്തിയ ബട്ട്‌ലർ വെടിക്കെട്ട് നെതർലൻഡ്സ് ബോളർമാരെ മൈതാനത്തിന്‍റെ നാലുവശത്തേക്കും പറത്തുകയായിരുന്നു. ഒടുവിൽ അവസാന ഓവറുകളിൽ ലിവിങ്സ്റ്റൺ കൂടി അഴിഞ്ഞാടിയതോടെ ലോക റെക്കോർഡ് സ്കോർ പിറക്കുകയായിരുന്നു. എന്നാൽ 500 എന്ന നാഴികക്കല്ലിന് രണ്ട് റൺസ് അകലെ ഇന്നിംഗ്സ് അവസാനിച്ചത് ഇംഗ്ലണ്ട് ടീമിന് ചെറിയ നിരാശ സമ്മാനിച്ചു.
ഇംഗ്ലണ്ട് ലോക റെക്കോർഡ് സ്കോർ തിരുത്തുന്നത് മൂന്നാം തവണ
ഏകദിന ക്രിക്കറ്റിലെ ലോക റെക്കോർഡ് സ്കോർ അവസാനമായി മൂന്നു തവണയും തിരുത്തിക്കുറിച്ചത് ഇംഗ്ലണ്ടായിരുന്നു. ശ്രീലങ്കയുടെ 443 എന്ന സ്കോർ പാകിസ്ഥാനെതിരെ ഇംഗ്ലണ്ട് 444 റൺസ് നേടിയാണ് മറികടന്നത്. പിന്നീട് ഓസ്ട്രേലിയയ്ക്കെതിരെ 481 റൺസ് അടിച്ച് ഇംഗ്ളണ്ട് വീണ്ടും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. ഇപ്പോഴിതാ, 498 എന്ന സ്കോറിലേക്ക് ചരിത്രം വീണ്ടും മാറ്റി എഴുതിയിരിക്കുകയാണ് ഇംഗ്ലണ്ട്. ഡബ്ലിനിൽ അയർലൻഡിനെതിരെ ന്യൂസിലൻഡ് നേടിയ 491 റൺസാണ് വനിതാ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ.