എന്നാല്‍ ബ്രോഡ് അതുകൊണ്ടൊന്നും തളര്‍ന്നില്ല. 500ല്‍ അധികം ടെസ്റ്റ് വിക്കറ്റുകളാണ് താരം ഇതുവരെ പോക്കറ്റിലാക്കിയിരിക്കുന്നത്. ഈയിടെ നടന്ന ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ കര്‍ട്ലി ആംബ്രോസിനെ പിന്നിലാക്കി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ആറാമത്തെ ബൗളറെന്ന റെക്കോര്‍ഡ് ബ്രോഡ് സ്വന്തമാക്കി. 563 വിക്കറ്റ് നേടിയ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്തും 616 വിക്കറ്റ് നേടിയ സഹതാരം ജെയിംസ് ആന്‍ഡേഴ്സണുമാണ് ബ്രോഡിന് ഇനി മറികടക്കാനുള്ളത്. ഇപ്പോഴിതാ താന്‍ ജന്മനാ ഒരു ആസ്ത്മ രോഗിയാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സ്റ്റുവര്‍ട്ട് ബ്രോഡ്. ചെറുപ്പത്തില്‍ തനിക്ക് ഇക്കാര്യം പുറത്തു പറയാന്‍ നാണക്കേടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
advertisement
ആസ്ത്മ തന്റെ ബാല്യകാലത്തെ എത്രത്തോളം ബാധിച്ചുവെന്നും അടുത്തിടെ നടന്ന അഭിമുഖത്തില്‍ അദ്ദേഹം തുറന്ന് പറഞ്ഞു. 'ജനിച്ച നാള്‍മുതല്‍ക്കെ എനിക്ക് ആസ്ത്മയുണ്ട്. ആറോ ഏഴോ വയസ്സിലാണ് എനിക്കത് മനസ്സിലായത്. എന്നാല്‍ പന്ത്രണ്ടാം വയസ്സു മുതല്‍ ശ്വാസമെടുക്കുന്നതില്‍ പ്രയാസം തോന്നിതുടങ്ങിയപ്പോഴാണ് അതിനെകുറിച്ച് ഞാന്‍ പൂര്‍ണ്ണമായും ബോധവാനായത്. കൗമാരത്തില്‍ എനിക്ക് ആസ്ത്മയുണ്ടെന്ന് ഞാന്‍ ആരോടും പറയുകയില്ലായിരുന്നു. സ്‌കൂളില്‍ കൂട്ടുകാരുടെ വിചാരണ നേരിടാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അതിലെനിക്ക് നാണക്കേടായിരുന്നു. എന്നാല്‍ ആസ്ത്മ എന്റെ കായിക വിനോദങ്ങളെ ഒരിക്കലും ബാധിച്ചില്ല. അതില്‍ പ്രധാനപങ്ക് വഹിച്ചത് അമ്മയാണ്. ആസ്ത്മയുള്ള കുട്ടികളെ വ്യായാമങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുന്നത് മാതാപിതാക്കള്‍ക്ക് എളുപ്പമാണ്. ഭാഗ്യവശാല്‍ എന്റെ അമ്മ ഒരു സ്‌പോര്‍ട്‌സ് ടീച്ചറായിരുന്നു. ഞാന്‍ ആസ്ത്മയെ എങ്ങനെ നേരിടണമെന്ന് അമ്മയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.'- സ്റ്റുവര്‍ട്ട് ബ്രോഡ് മനസ്സ് തുറന്നു.
'എന്റെ പരിമിതികളെ കുറിച്ച് എന്റെ അമ്മയ്ക്ക് നന്നായി അറിയാമായിരുന്നു. എന്നാല്‍ എന്റെ ആരോഗ്യത്തിനും പുരോഗതിയ്ക്കും വ്യായാമം ആവശ്യമായിരുന്നു. അതുകൊണ്ട് തന്നെ ശരിയായ സമയത്ത് അമ്മ എന്നെ പിന്തിരിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്തു. പ്രതേകിച്ച് ശൈത്യകാലത്ത്'- ബ്രോഡ് കൂട്ടിച്ചേര്‍ത്തു.