ആദ്യ പകുതിയുടെ തുടക്കത്തിലെ എറിക് ബെയ്ലിയുടെ സെല്‍ഫ് ഗോളില്‍ പിന്നിലായിപ്പോയ യുണൈറ്റഡിനെതിരെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയയുടെ പിഴവില്‍ നിന്ന് ബെര്‍ണാഡോ സില്‍വ സിറ്റിയുടെ ലീഡുയര്‍ത്തി.
രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാനുള്ള യുണൈറ്റഡ് ശ്രമങ്ങളെല്ലാം പാഴായിപ്പോയതോടെ സീസണിലെ ആദ്യ ഡെര്‍ബിയില്‍ സിറ്റി വിജയികളായി തിരിച്ചുകയറി. സീസണില്‍ മോശം ഫോമിലാണെങ്കിലും സിറ്റിക്കെതിരെ കഴിഞ്ഞ നാലു മത്സരങ്ങളിലും തോല്‍വി അറിഞ്ഞിട്ടില്ലെന്ന ആത്മവിശ്വാസത്തിലിറങ്ങിയ യുണൈറ്റഡിനെ വാരിക്കളയുന്ന പ്രകടനമാണ് പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി പുറത്തെടുത്തത്.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരിച്ചെത്തിയശേഷം ആദ്യമായിട്ടാണ് സിറ്റിക്കെതിരെ യുണൈറ്റഡ് ഇറങ്ങിയത്. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളിലെല്ലാം അവസാന നിമിഷം രക്ഷകനായി അവതരിച്ച റൊണാള്‍ഡോക്കും സിറ്റിക്കെതിരെ കാര്യമായി ഒന്നും ചെയ്യാനായില്ല.
ക്രോസ് ബാറിനു കീഴില്‍ യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഗി ഗിയയയുടെ മിന്നുന്ന പ്രകടനം ഇല്ലായിരുന്നെങ്കില്‍ യുണൈറ്റഡ് ഇതിലും നാണംകെട്ടേനെ. മുന്‍നിര താരങ്ങളുടെ മോശം ഫിനിഷിങ്ങും ഗോള്‍നില ഉയര്‍ത്തുന്നതില്‍ നിന്നു സിറ്റിയെ തടഞ്ഞു. രണ്ടു തവണ സിറ്റി താരങ്ങളുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചപ്പോള്‍ അവസാന മിനിറ്റുകളില്‍ സിറ്റി താരം ഗബ്രിയേല്‍ ജീസസിനെ വീഴ്ത്തിയതിന് ലഭിക്കേണ്ട അര്‍ഹമായ പെനാല്‍റ്റി റഫറി നിഷേധിക്കുകയും ചെയ്തു.
പോയിന്റ് പട്ടികയില്‍ ലിവര്‍പൂളിനെ പിന്തള്ളിയാണ് മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ഒരു മത്സരം കുറച്ചുകളിച്ച ചെല്‍സി 25 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ചെല്‍സിക്ക് ഇന്ന് ബേണ്‍ലിയുമായി മത്സരമുണ്ട്. 10 മത്സരങ്ങളില്‍ 22 പോയിന്റുള്ള ലിവര്‍പൂളാണ് മൂന്നാം സ്ഥാനത്ത്. 11 മത്സരങ്ങളില്‍ 17 പോയന്റ് മാത്രമുള്ള യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.