രോഹിത് ശർമ തൂക്കിയ എലിമിനേറ്റർ പോരാട്ടം
മൂന്നു റൺസിലും 12 റൺസിലും രോഹിത്തിനെ കൈവിട്ട ഗുജറാത്തിന് 'ക്യാച്ചസ് വിൻ മാച്ചസ്' എന്ന പഴഞ്ചൊല്ല് ഓർമയിൽ വെയ്ക്കാം. വീണ് കിട്ടിയ ഇന്നിംഗ്സിനെ സ്വീപ് ഷോട്ടുകളിലൂടെ കയ്യിലാക്കുന്ന രോഹിത് ശർമയെയാണ് പിന്നീട് കണ്ടത്. 50 പന്തിൽ 81 റൺസെടുത്താണ് നിർണായക പോരിൽ ശർമ ക്ലാസായത്.
പുതുമുഖം ജോണി ബേഴ്സ്റ്റോ 22 പന്തിൽ 47 റൺസടിച്ചതോടെ ഗുജറാത്തിന്റെ കണക്കുകൂട്ടൽ തെറ്റാൻ തുടങ്ങി. അർധസെഞ്ചുറിക്ക് 3 റണ്ണകലേ ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ പുറത്താകുമ്പോൾ ഓപ്പണിംഗ് വിക്കറ്റിൽ 84 റൺസ് ചേർത്തിരുന്നു മുംബൈ. പിന്നാലെ എത്തിയ സൂര്യ കുമാർ യാദവും തിലക് വർമയും റൺവേട്ടയിൽ പിന്തുടർച്ചക്കാരായതോടെ മുംബൈ കുതിച്ചു.
advertisement
ബീസ്റ്റ് മോർഡിലായിരന്നു ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും . 9 പന്തിൽ പുറത്താകാതെ 22 റൺസ് വാരിക്കൂട്ടി.
വമ്പൻ ടോട്ടൽ ലക്ഷ്യമിട്ടിറങ്ങിയ ഗുജറാത്തിന് ആദ്യ ഓവറിൽ തന്നെ തിരിച്ചടി നേരിട്ടു. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഒരു റണ്ണിന് പുറത്തായി.
ഒരറ്റത്ത് ഷോട്ടുകൾ പായിച്ചു കൊണ്ടേയിരുന്ന സായി സുദർശൻ ടൈറ്റൻസിന്റെ പ്രതീക്ഷകൾക്ക് ചിറക് മുളപ്പിച്ചു. 20 റൺസെടുത്ത് നിൽക്കെ കുശാൽ മെൻഡിസ് ഹിറ്റ് വിക്കറ്റ് ആയതാണ് മറ്റൊരു ടേണിംഗ് പോയിന്‍റ്.
വാഷിംഗ്ടൺ സുന്ദർ ക്രീസിലെത്തിയതോടെ വീണ്ടും പ്രതീക്ഷയിലായി ഗുജറാത്ത്. സുന്ദർ 24 പന്തിൽ 48 റൺസെടുത്ത് നിൽക്കവെയാണ് ജസ്പ്രീത് ബുംറയുടെ ആ ക്ലാസിക് യോർക്കർ.
15 പന്തിലെ റൂഥർഫോർഡിന്റെ 24 റൺസ് വീണ്ടും കളി ടൈറ്റാക്കി. എന്നാൽ 80 റൺസെടുത്ത സായി സുദർശന്റെ വിക്കറ്റ് ഗുജറാത്തിന്റെ മോഹങ്ങൾക്ക് മേലുള്ള ഇടിത്തീ ആയിരുന്നു.
അവസാന ഓവറിൽ ഗുജറാത്തിന് വേണ്ടത് 24 റൺസ്. റിച്ചാർഡ് ഗ്ലീസന്റെ ആദ്യ മൂന്ന് പന്തുകൾ തന്നെ ഗുജറാത്തിന്റെ വിധിയെഴുതി. പരുക്കേറ്റ്, ഓവർ പൂർത്തിയാക്കാതെ ഗ്ലീസൻ മൈതാനം വിട്ടെങ്കിലും അശ്വിനി കുമാർ ഇന്ത്യൻസിന്റെ ജയം ഉറപ്പിച്ചു.
മുംബൈക്ക് ആറാമത്തെ ഐപിഎൽ ഫൈനൽ ഇനി ഒരു ജയമകലെ മാത്രം.