ഏകദിന നായകസ്ഥാനത്ത് നിന്ന് നീക്കുന്ന വിവരം തീരുമാനത്തിന് ഒന്നര മണിക്കൂര്‍ മുമ്പ്മാത്രമാണ് അറിഞ്ഞതെന്ന കോഹ്ലിയുടെ വെളിപ്പെടുത്തല്‍ ബിസിസിഐയെ ഇപ്പോള്‍ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. കോഹ്ലിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സൗരവ് ഗാംഗുലിക്കെതിരേയാണ് കൂടുതല്‍ പ്രതിഷേധം ഉയരുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാംഗുലിയെയാണ് കൂടുതല്‍ ആരാധകരും വിമര്‍ശിച്ചിരിക്കുന്നത്. ഗാംഗുലി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും ഇത്രയും തഴം താഴരുതെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്.
കോഹ്ലിക്കെതിരെ ബിസിസിഐയുടെ പ്രതികാര നടപടിയായാണ് സംഭവത്തെ വിലയിരുത്തപ്പെടുന്നത്. അനില്‍ കുംബ്ലെയെ ഇന്ത്യയുടെ പരിശീലകസ്ഥാനത്തെത്തിച്ചത് സൗരവ് ഗാംഗുലി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലുകൊണ്ടായിരുന്നു. എന്നാല്‍ കോഹ്ലിയുമായുള്ള അഭിപ്രായഭിന്നതകൊണ്ട് കുംബ്ലെക്ക് പാതിവഴിയില്‍ സ്ഥാനം ഒഴിയേണ്ടി വന്നു. ഇതിന്റെ പ്രതികാരമാണ് ഗാംഗുലി കാട്ടുന്നതെന്നാണ് ഒരു പക്ഷം ആരാധകര്‍ പറയുന്നത്.
കോഹ്ലിയോട് ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ക്യാപ്റ്റനെ മാറ്റാന്‍ തങ്ങള്‍ക്ക് പ്ലാന്‍ ഇല്ലായിരുന്നുവെന്നും എന്നാല്‍ കോഹ്ലി ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതോടെ കാര്യങ്ങള്‍ മാറുകയായിരുന്നെന്നുമാണ് ഗാംഗുലി പറഞ്ഞത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ രണ്ട് ഫോര്‍മാറ്റുകളിലും രണ്ട് ക്യാപ്റ്റന്മാര്‍ എന്ന രീതിയോട് സെലക്ടര്‍മാര്‍ക്ക് യോജിപ്പില്ലായിരുന്നു. ട്വന്റി 20 നായകസ്ഥാനവും ഏകദിന നായകസ്ഥാനവും വേര്‍തിരിക്കരുതെന്നാണ് സെലക്ടര്‍മാരുടെ നിലപാട്. അങ്ങനെയാണ് കോഹ്ലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി പകരം രോഹിത് ശര്‍മയെ നിയമിച്ചതെന്നുമായിരുന്നു ഗാംഗുലി വ്യക്തമാക്കിയത്.
ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നുവെന്നും തുടര്‍ന്നും ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളെ നയിക്കാന്‍ തയാറാണെന്ന് കോഹ്ലി ബിസിസിഐയെ അറിയിക്കുകയും കോഹ്ലിയുടെ തീരുമാനത്തെ ബോര്‍ഡ് സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടാണ് രോഹിത് ശര്‍മയെ ഏകദിന ക്യാപ്റ്റനായും പ്രഖ്യാപിച്ചത്.