അതിനിടെ, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് പ്രഖ്യാപിച്ചിരുന്ന വിലക്ക് ഫിഫ നീക്കി. 11 ദിവസത്തെ സസ്പെൻഷന് ശേഷമാണ് വിലക്ക് നീക്കിയത്. ഇതോടെ അണ്ടർ 17 ലോകകപ്പ് മുൻ നിശ്ചയിച്ച പോലെത്തന്നെ ഇന്ത്യയിൽ നടക്കുമെന്ന് ഉറപ്പായി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം, മഡ്ഗാവിലെ ജെഎൽഎൻ സ്റ്റേഡിയം, നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയം എന്നിവിടങ്ങളിലായി ഒക്ടോബർ 11 മുതൽ 30 വരെയാണ് മത്സരങ്ങൾ നടക്കുക.
“നിയമിച്ചിരിക്കുന്ന മാച്ച് ഒഫീഷ്യൽസും റഫറിമാരും എത്ര കൃത്യതയോടെയാണ് മത്സരം നിയന്ത്രിക്കുന്നതെന്ന് ഫിഫ അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പിൽ കാര്യമായി വിലയിരുത്തും. മാച്ച് ഒഫീഷ്യൽസിൻെറ നിലവാരം എത്രയുണ്ടെന്ന് നമുക്ക് മത്സരങ്ങളിലൂടെ ബോധ്യപ്പെടും അണ്ടർ 17 വനിതാ ലോകകപ്പിൽ ആദ്യമായാണ് വാർ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്. ഇതിൽ ഞങ്ങൾക്ക് വലിയ അഭിമാനവും സന്തോഷവുമുണ്ട്,” ഫിഫയുടെ വനിതാ റഫറിയിങ് വിഭാഗം മേധാവിയായ കാരി സെയ്റ്റ്സ് പറഞ്ഞു.
advertisement
read also: രണ്ടാം പോരാട്ടത്തിലും കരുത്തറിയിച്ച് ഇന്ത്യ; ഹോങ്കോങ് വീണു, ഇന്ത്യ സൂപ്പർ ഫോറിൽ
വാർ സാങ്കേതിക വിദ്യ എത്ര നന്നായി ഉപയോഗിക്കാമെന്നതിനുള്ള വലിയ അവസരമാണ് ഈ ടൂർണമെൻറ്. നമ്മുടെ വനിതാ റഫറിമാർ ഇക്കാര്യത്തിൽ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. 2023ൽ ഓസ്ട്രേലിയയിലും ന്യൂസിലൻറിലുമായി നടക്കാൻ പോവുന്ന വനിതാ ഫുട്ബോൾ ലോകകപ്പിനുള്ള മുന്നൊരുക്കമായും ഇത് മാറും.
ഫുട്ബോൾ മത്സരത്തിലെ ഏറ്റവും നിർണായകമായ നാല് ഘട്ടങ്ങളിലാണ് വാർ സാങ്കേതികവിദ്യ റഫറിക്ക് സഹായകമാവുക. ഗോളുകളോ അല്ലെങ്കിൽ തെറ്റായ രീതിയിലുള്ള ഗോളുകളോ റഫറിക്ക് പരിശോധിക്കാവുന്നതാണ്. പെനാൽറ്റി തീരുമാനങ്ങൾ അല്ലെങ്കിൽ പെനാൽറ്റിക്ക് കാരണമാവാൻ സാധ്യതയുള്ള തരത്തിലുള്ള പിഴവുകൾ എന്നിവ വീഡിയോ നോക്കി മനസ്സിലാക്കാം. നേരിട്ട് ചുവപ്പ് കാർഡ് കൊടുക്കേണ്ട സംഭവങ്ങൾ, ഒരു കളിക്കാരനെതിരെ തെറ്റിദ്ധാരണ മൂലം എടുത്തിട്ടുള്ള തീരുമാനങ്ങൾ എന്നിവയാണ് ഇവയിൽ വരുന്നത്.
മത്സരത്തിലുടനീളം ഈ നാല് നിർണായക സന്ദർഭങ്ങളാണ് വാർ ടീം നിരന്തരം പരിശോധിച്ച് കൊണ്ടിരിക്കുന്നത്. ഗുരുതരമായ തെറ്റുകളോ പിഴവുകളോ ഉണ്ടാവുമ്പോഴും റഫറി ശ്രദ്ധിക്കാതെ പോയ അതീവ നിർണായക വിഷയങ്ങളും ഉണ്ടാവുമ്പോൾ മാത്രമേ വാർ ടീം റഫറിയുടെ തീരുമാനത്തിൽ ഇടപെടുകയുള്ളൂ.
വാർ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഫിഫയുടെ മൂന്നാമത് വനിതാ ടൂർണമെൻറാണ് അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പ്. കോസ്റ്ററിക്കയിൽ നടന്ന അണ്ടർ 20 വനിതാ ലോകകപ്പിലും 2019ൽ ഫ്രാൻസിൽ നടന്ന വനിതാ ലോകകപ്പിലും നേരത്തെ ഫിഫ വാർ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
