നാടെങ്ങും കാൽപന്തു കളിയുടെ ആവേശത്തിലാണ്. കൊൽക്കത്തയിലെ കാര്യവും ഒട്ടും വ്യത്യസ്തമല്ല. ഈ നഗരത്തിന്റെ മനസാകെ ഇപ്പോൾ ഖത്തറിലാണ്. ഇവിടുത്തെ ചുവരെഴുത്തുകളിൽ നിന്നു തന്നെ അത് വ്യക്തമാണ്. ടോളി മുതൽ താല വരെ, ബാലി മുതൽ ബാംഗൂർ വരെ…. അങ്ങനെ എല്ലായിടത്തും ലോകകപ്പ് ഫുട്ബോൾ ജ്വരമാണ്. ട്രെയിനുകളിലും ബസുകളിലും ഓഫീസുകളിലും അങ്ങനെ എല്ലായിടത്തും ആവേശത്തിരമാലയാണ്. മെസിയുടെയോ നെയ്മറിന്റെയോ റൊണാൾഡോയുടെയോ പേരു കേൾക്കാത്ത ചർച്ചകളൊന്നും എവിടെയും ഉയർന്നു കേൾക്കുന്നില്ല.
കാൽപന്തുകളിക്ക് കൊൽക്കത്തയുടെ ഹൃദയത്തിലാണ് സ്ഥാനം. മതിലുകളിലും തെരുവുകളിലുമെല്ലാം ഇഷ്ട ഫുട്ബോൾ താരങ്ങളുടെ ചിത്രങ്ങളോ രാജ്യത്തിന്റെ പതാകകളോ കാണാം. ചുരുക്കത്തിൽ ഒരു ചെറു ഖത്തർ തന്നെ ഇവിടെ രൂപം കൊണ്ടിരിക്കുകയാണ്. നഗരത്തിലെ പട്ടുളിയിൽ എത്തിയാൽ മെസി, നെയ്മർ, റൊണാൾഡോ എന്നിവരുടെയെല്ലാം ചിത്രങ്ങൾ കാണാം. പട്ടുളിയുടെ ഇടവഴികളെല്ലാം
advertisement
ഇത്തരത്തിൽ അലങ്കരിച്ചിരിച്ചിട്ടുണ്ട്. ഖത്തർ ലോകകപ്പിന്റെ ഭാഗ്യചിഹ്നം ലയീബും ഇവിടെയുണ്ട്. ദോഹയുടെ സംസ്കാരത്തിന്റെ ചില അടയാളങ്ങളും ഇവിടെ വരച്ചിട്ടുണ്ട്.
കലാകാരനായ അമിതാഭ് ദാസ് ആണ് പാട്ടുളി ഫുട്ബോൾ ലവേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ പ്രിയപ്പെട്ട ഫുട്‌ബോൾ കളിക്കാരുടെ ചിത്രങ്ങളും രാജ്യങ്ങളുടെ പതാകകളുമെല്ലാം വരക്കുന്നത്. പോക്കറ്റ് മണി സമാഹരിച്ചാണ് സ്ട്രീറ്റ് ആർട്ട് ചെയ്തിരിക്കുന്നത്. ഒരുമിച്ച് മത്സരങ്ങൾ കാണാൻ വലിയ എൽഇഡി ടിവിയും ഇവിടെ നാട്ടുകാർ വാങ്ങിയിട്ടുണ്ട്. അങ്ങനെ ഫുട്ബോൾ ലോകകപ്പ് ഉൽസവമാക്കുകയാണ് ആരാധകർ.
”നാലു വർഷം മുൻപ് ഞങ്ങൾ ഇതേ രീതിയിൽ റോഡ് അലങ്കരിച്ചിരുന്നു, ഇത്തവണയും ഇവിടെ വലിയ ആവേശമാണ്. ഒരു മാസം നീണ്ടു നിൽക്കുന്നതാണ് ഫുട്ബോൾ ലോകകപ്പ്. ബ്രസീൽ, ജർമനി, അല്ലെങ്കിൽ അർജന്റീന ഫാൻസാണ് ഇവിടുത്തുകാർ. തെരുവുകളെല്ലാം ഞങ്ങൾ ഗ്രാഫിറ്റികൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് ”, സംരംഭകനായ ശുഭോജിത് ദാസ് പറഞ്ഞു.
ഗ്രീക്ക് വാക്കായ ‘ഗ്രാഫിൻ’ എന്ന വാക്കിൽ നിന്നാണ് ഗ്രാഫിറ്റി (ചുവരെഴുത്ത്) എന്ന വാക്ക് ഉരുത്തിരിഞ്ഞത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ കലാകാരന്മാരുടെ ക്യാൻവാസായും ചിലപ്പോഴൊക്കെ പ്രതിഷേധത്തിന്റെ ഭാഷയായും ഗ്രാഫിറ്റി ഉപയോഗപ്പെടുത്താറുണ്ട്. ചില രാഷ്ട്രീയ മുദ്രാവാക്യങ്ങളും ഗ്രാഫിറ്റികളായി ഉയർന്നു വരാറുണ്ട്. ഇപ്പോൾ കൊൽക്കത്തയിലെ ഫുട്ബോൾ പ്രേമികളും തങ്ങളുടെ ഫുട്ബോൾ ആവേശം പ്രകടിപ്പിക്കാൻ തിരഞ്ഞെടുത്തിരിക്കുന്ന വഴികളിലൊന്നും ഇത്തരം ഗ്രാഫിറ്റികളാണ്.
എല്ലാവര്‍ക്കും ഒരുമിച്ചിരുന്ന് ലോകകപ്പ് കാണാന്‍ 23 ലക്ഷം രൂപ ചെലവഴിച്ച് ഒരു വീടും സ്ഥലവും വാങ്ങിയ മലയാളി ചെറുപ്പക്കാരെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കൊച്ചിയിലെ മുണ്ടക്കാമുഗള്‍ എന്ന ചെറിയ ഗ്രാമത്തിലാണ് ഫുട്‌ബോള്‍ ആരാധകരുടെ ഈ കൊച്ചുവീട്. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെയും പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ഛായാചിത്രങ്ങള്‍ കൊണ്ട് അവര്‍ ഈ വീട് അലങ്കരിച്ചിട്ടുണ്ട്.