ഇതില്‍ ഏറ്റവും വലിയ തലവേദന ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ(Hardik Pandya) പ്രകടനമാണ്. ഐപിഎല്ലില്‍ കാര്യമായി തിളങ്ങാന്‍ പാണ്ഡ്യയ്ക്ക് സാധിച്ചിട്ടില്ല. പരുക്കിന് ശേഷം തിരികെ വന്ന പാണ്ഡ്യ തന്റെ പഴകാല ഫോമിന്റെ നിഴല്‍ മാത്രമായിരിക്കുകയാണ്. ഈ ഐപിഎല്ലില്‍ താരം പന്തെറിയുക പോലും ചെയ്തിട്ടില്ല. പന്തെറിയുന്നില്ലെങ്കില്‍ താരത്തിന് പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കുമോ എന്നും ഉറപ്പില്ല. ഇപ്പോഴിതാ പാണ്ഡ്യയെക്കുറിച്ചുള്ള തന്റെ നിലപാട് അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍(Gautam Gambhir).
advertisement
'ഹാര്‍ദിക്കിന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കണമെങ്കില്‍ രണ്ട് സന്നാഹ മത്സരങ്ങളിലും പന്തെറിയേണ്ടതുണ്ട്. നെറ്റ്സില്‍ മാത്രം പന്തെറിഞ്ഞിട്ട് കാര്യമില്ല. ബാബര്‍ അസം പോലെ ഒരു ലോകോത്തര താരത്തിനെതിരെ ലോകകപ്പില്‍ പന്തെറിയുന്നതും നെറ്റ്സില്‍ പരിശീലിക്കുന്നതും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. നെറ്റ്സിലും സന്നാഹ മത്സരത്തിലും അദ്ദേഹം 100 ശതമാനം കായികക്ഷമതയോടെ പന്തെറിയണം. 115-120 കിലോമീറ്ററില്‍ പന്തെറിഞ്ഞിട്ട് കാര്യമില്ല. ഞാനാണ് ക്യാപ്റ്റനെങ്കില്‍ ടീമില്‍ കളിപ്പിക്കില്ല.'- ഗംഭീര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ലോകകപ്പ് സ്‌ക്വാഡില്‍ ഇന്ത്യ മാറ്റം വരുത്തിയിരുന്നു. സ്റ്റാന്‍ഡ് ബൈ താരമായിരുന്ന ഷാര്‍ദുല്‍ താക്കൂറിനെ പ്രധാന ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. അക്സര്‍ പട്ടേലാണ് വഴി മാറിയത്. ഹാര്‍ദിക്കിന് പന്തെറിയാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന ചിന്തയാണ് ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ ടീം മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്.
ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെ
കോവിഡ് പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാവും മത്സരങ്ങള്‍. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ലോകകപ്പ് അറേബ്യന്‍ മണ്ണിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 2020ല്‍ ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് വ്യാപനം മൂലം ആദ്യം ഇന്ത്യയിലേക്കും പിന്നീട് അവിടുന്ന് യുഎഇലേക്കും മാറ്റുകയായിരുന്നു.
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെയാണ്. ഒക്ടോബര്‍ 24നാണ് മത്സരം. മത്സരത്തിന്റെ ടിക്കറ്റുകള്‍ വില്‍പ്പനയ്ക്കെത്തി മണിക്കൂറുകള്‍ക്കകമാണ് വിറ്റുപോയത്. ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടത് മുതല്‍ ഇരുടീമുകളുടെയും ആരാധകര്‍ ആവേശത്തിലായിരുന്നു. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം ഇരുവരും ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ വരാറുള്ളത്. ഇരു ടീമുകളും തമ്മിലുള്ള പോരാട്ടങ്ങള്‍ ഇതുവരെയും ആരാധകര്‍ക്ക് ആവേശ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത് എന്നതിനാല്‍ ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്.