ലോകകപ്പിലെ തോൽവിക്ക് ശേഷം ഇന്ത്യയുടെ നായകൻ ആരാണെന്ന് ഔദ്യോഗികമായി തീരുമാനിക്കുന്നതിനുള്ള യോഗമായിരുന്നു ആദ്യം നടക്കേണ്ടിയിരുന്നതെന്ന് ഗവാസ്കർ പറഞ്ഞു. അതിന് ശേഷമാണ് ടീമിനെ പ്രഖ്യാപിക്കേണ്ടിയിരുന്നത്. 'എന്റെ അറിവിൽ വിരാട് കോഹ‍്‍ലിയെ ലോകകപ്പ് വരെയായിരുന്നു ക്യാപ്റ്റനായി നിയമിച്ചിരുന്നത്. അതിന് ശേഷം ക്യാപ്റ്റൻ ആരെന്ന് തീരുമാനിക്കാൻ സെലക്ടർമാർ നിർബന്ധമായും യോഗം ചേരണമായിരുന്നു. അത് വിരാട് കോഹ‍്‍ലിയെ വീണ്ടും നിയമിക്കാൻ ആയിരുന്നാൽ പോലും'- ഗവാസ‍്‍കർ പറഞ്ഞു.
advertisement
വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചപ്പോൾ കോഹ‍്‍ലിയെ തന്നെയാണ് മൂന്ന് ഫോർമാറ്റിലും ചീഫ് സെലക്ടർ എംഎസ്കെ പ്രസാദ് നായകനായി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റി അമിത വിധേയത്വം കാണിക്കുകയാണ്. ക്യാപ്റ്റൻ സ്ഥാനത്ത് പുനർനിയമിച്ചാൽ മാത്രമേ കോഹ‍്‍ലിക്ക് ടീം സെലക്ഷനുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുക്കാൻ പറ്റുകയുള്ളൂവെന്നും ഗവാസ‍്‍കർ പറയുന്നു. 'ദിനേശ് കാർത്തികിനെയും കേദാർ ജാദവിനെയും പോലുള്ള താരങ്ങൾ മോശം പ്രകടനത്തിന്റെ പേരിൽ ടീമിൽ നിന്ന് പുറത്താക്കപ്പെടുന്നു. എന്നാൽ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച വെക്കാത്തതിന് ടീം നായകനും ഉത്തരവാദിത്വം ഉണ്ട്. പ്രത്യേകിച്ച് ഫൈനലിൽ പോലും എത്താൻ കഴിയാത്ത സാഹചര്യത്തിൽ'- ഗവാസ‍്‍കർ കൂട്ടിച്ചേർത്തു.