അർജന്റീന താരം ലയണൽ മെസ്സിയുടെ ഇന്ത്യൻ പര്യടനത്തിൽ ദക്ഷിണേന്ത്യൻ നഗരമായ ഹൈദരാബാദും വേദി. കേരളത്തിൽ നടക്കാനിരിക്കുന്ന അർജന്റീനയുടെ സൗഹൃദ മത്സരം റദ്ദാക്കിയതിനെത്തുടർന്ന് ദക്ഷിണേന്ത്യൻ ഫുട്ബോൾ ആരാധകരുടെ വികാരം കൂടി പരിഗണിച്ചാണ് GOAT ടൂർ 2025 ൽ ഹൈദരാബാദിനെ കൂടി ഉൾപ്പെടുത്തിയതെന്ന് പരിപാടിയുടെ സംഘാടകനായ സതദ്രു ദത്ത PTI യോട് പറഞ്ഞു.
advertisement
ഹൈദരാബാദ് പരിപാടിക്കുള്ള ബുക്കിംഗ് ഒരു ആഴ്ചയ്ക്കുള്ളിൽ നടക്കുമെന്നും പരിപാടി ഗച്ചിബൗളിയിലോ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലോ ആയിരിക്കും നടക്കുകയെന്നും ദത്ത സ്ഥിരീകരിച്ചു. അഹമ്മദാബാദിനു പകരമാണ് ഹൈദരാബാദിനെ ഉൾപ്പെടുത്തിയത്. ഡിസംബറിലാണ് മെസിയുടെ ഇന്ത്യ സന്ദർശനം. ആവശ്യമായ അനുമതികൾ ലഭിക്കുന്നതിൽ കാലതാമസം നേരിട്ടതിനാൽ കേരള മത്സരം പിന്നീട് ഫിഫ വിൻഡോയിലേക്ക് അടുത്ത മാറ്റിവയ്ക്കുകയായിരുന്നു
പുതുക്കിയ പദ്ധതി പ്രകാരം മെസ്സിയുടെ 'GOAT ടൂർ' കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലാകും നടക്കുക. സെലിബ്രിറ്റി മത്സരം, ഫുട്ബോൾ ക്ലിനിക്, അനുമോദന ചടങ്ങുകൾ, സംഗീത പരിപാടി എന്നിവ ഉണ്ടാകും. ഡിസംബർ 12ന് രാത്രി മയാമിയിൽ നിന്ന് മെസി ന്യൂഡൽഹിയിലെത്തും. ഡിസംബർ 13 ന് കൊൽക്കത്തയിൽ നിന്ന് പര്യടനം ആരംഭിക്കുന്ന മെസ്സി, അതേ ദിവസം വൈകുന്നേരം ഹൈദരാബാദിലും തുടർന്ന് ഡിസംബർ 14 ന് മുംബൈയിലും ഡിസംബർ 15 ന് ന്യൂഡൽഹിയിലും പര്യടനം നടത്തും. അവിടെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും.
2011 ൽ വെനിസ്വേലയ്‌ക്കെതിരായ സൗഹൃദ മത്സരത്തിനായാണ് അവസാനമായി മെസി ഇന്ത്യ സന്ദർശിച്ചത്. ഇതിഹാസ താരത്തിനൊപ്പം സഹതാരങ്ങളും സുഹൃത്തുക്കളുമായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും ഉണ്ടാകും. അവർ ടൂറിൽ പങ്കെടുക്കുമെന്ന് ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
എല്ലാ വേദികളിലും ടിക്കറ്റ് വിൽപ്പനയ്ക്ക് വൻ പ്രതികരണമാണ് ലഭിച്ചത്.ടിക്കറ്റ് ബുക്കിംഗ് പോർട്ടലായ district.in പ്രകാരം, മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ 6,980 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. സ്റ്റേഡിയത്തിലെ 28,000 സീറ്റുകളിലെയും ടിക്കറ്റ് ഇതിനകം വിറ്റുതീർന്നു.
കൊൽക്കത്തയിലെ 68,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിലെ ടിക്കറ്റുകൾ 4,366 രൂപ മുതലാണ് ആരംഭിക്കുന്നത്. അതേസമയം 28,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ടിക്കറ്റ് വില 7,670 രൂപ മുതൽ ആരംഭിക്കുന്നു.
