അവസാന ഓവറിൽ 29 റൺസായിരുന്നു കൊൽക്കത്തയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. പന്തെറിയാൻ എത്തിയത് യാഷ് ദയാൽ. ക്രീസിലുണ്ടായിരുന്നത് ഉമേഷ് യാദവ്. ആദ്യ പന്ത് സിംഗിളെടുത്ത് സ്ട്രൈക്ക് റിങ്കു സിങിന് കൈമാറി. തുടർന്നുള്ള അഞ്ച് പന്തുകൾ റിങ്കുവിന്‍റെ ബാറ്റിൽ വിസ്ഫോടനം തീർത്തു. അഞ്ച് പടുകൂറ്റൻ സിക്സർ. തോറ്റെന്ന് ഉറപ്പിച്ച മത്സരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ജയിച്ചുകയറി.
നേരത്തെ ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റിന് 204 റൺസ് അടിച്ചുകൂട്ടുകയായിരുന്നു. പുറത്താകാതെ 63 റൺസെടുത്ത വിജയ് ശങ്കറാണ് ഗുജറാത്തിന് വമ്പൻ ടോട്ടൽ സമ്മാനിച്ചത്. അഞ്ച് സിക്സറും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു വിജയ് ശങ്കറിന്‍റെ ഇന്നിംഗ്സ്. സായ് സുദർശൻ 53 റൺസെടുത്തു.
advertisement
മറുപടി ബാറ്റിങ്ങിൽ കൊൽക്കത്തയുടെ തുടക്കം നിരാശജനകമായിരുന്നു. ഒരു ഘട്ടത്തിൽ രണ്ടിന് 28 റൺസ് എന്ന നിലയിലായിരുന്നു അവർ. എന്നാൽ വെങ്കിടേഷ് അയ്യർ നേടിയ 83 റൺസും നായകൻ നിതീഷ് റാണ നേടിയ 45 റൺസും കൊൽക്കത്തയെ മൽസരത്തിലേക്ക് തിരികെ കൊണ്ടുവന്നു. അവസാന ഓവറിൽ റിങ്കു സിങിന്‍റെ വെടിക്കെട്ടിൽ അവർ ജയിച്ചുകയറുകയും ചെയ്തു.
ഹർദിക് പാണ്ഡ്യയ്ക്ക് പകരം റാഷിദ് ഖാനാണ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നയിച്ചത്. മത്സരത്തിൽ റാഷിദ് ഖാൻ ഹാട്രിക്ക് നേടി. ഈ ഐപിഎല്ലിലെ ആദ്യ ഹാട്രിക്കാണിത്.
