സ്കോർ കാർഡ് കാണുമ്പോൾ വലിയ പങ്കൊന്നും തന്നെ തോന്നിക്കില്ലെങ്കിലും യഥാർഥത്തിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച മറ്റൊരാൾ കൂടിയുണ്ട്. സ്പിന്നർ ആർ അശ്വിൻ! ബോൾ കൊണ്ടല്ല, ബാറ്റ് കൊണ്ടാണ് അശ്വിൻ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. സമ്മർദ്ദം നിറഞ്ഞ മത്സരത്തിൽ ഇന്ത്യക്കായി വിജയറൺ നേടുന്നതിനുള്ള നിയോഗം അശ്വിനാണ് ലഭിച്ചത്.
ഒരു റണ്ണിൽ നിന്ന് ജയിക്കാൻ രണ്ട് റൺസ് വേണ്ട സമയത്താണ് അശ്വിൻ ക്രീസിലെത്തിയത്. പാകിസ്ഥാൻെറ ലെഫ്റ്റ് ആം സ്പിന്നർ തൻെറ പാഡ് നോക്കിയായിരിക്കും പന്തെറിയുകയെന്ന് അശ്വിൻ നേരത്തെ തന്നെ മനസ്സിലാക്കി. നവാസെറിഞ്ഞ പന്ത് അശ്വിൻ മനോഹരമായി ലീവ് ചെയ്തു. വൈഡിലൂടെ ഇന്ത്യക്ക് ഒരു റൺ ലഭിച്ചു. “ലെഗ് സൈഡിലേക്ക് പന്ത് വരുന്നത് കണ്ടപ്പോൾ തന്നെ അത് ഒന്നും ചെയ്യേണ്ടെന്ന് ഞാൻ തീരുമാനിച്ചിരുന്നു. ആ ഒരു റൺ ലഭിച്ചപ്പോൾ തന്നെ എനിക്ക് വലിയ ആശ്വാസം തോന്നി,” അശ്വിൻ ഒരു യൂ ട്യൂബ് ചാനലിൽ പറഞ്ഞു.
advertisement
Also read : വിരാട് ദ കിങ്; ടി20 ലോകകപ്പിൽ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ തുടങ്ങി
സമ്മർദ്ദ ഘട്ടത്തിൽ പുറത്തായ ദിനേഷ് കാർത്തിക്കിനെ ശപിച്ച് കൊണ്ടാണ് താൻ ക്രീസിലെത്തിയതെന്നും അശ്വിൻ വെളിപ്പെടുത്തി. നിർണായക ഘട്ടത്തിലാണ് കാർത്തിക് പുറത്തായത്. ഒരു പന്തിൽ നിന്ന് രണ്ട് റൺസ് നേടി ടീമിനെ വിജയിപ്പിക്കുക എന്ന ഉത്തരവാദിത്വം പിന്നീട് വന്ന അശ്വിനായിരുന്നു. “ബാറ്റുമായി വരുമ്പോൾ ഞാൻ കാർത്തിക്കിനെ മനസ്സിൽ ശപിച്ച് കൊണ്ടിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ എൻെറ മനസ്സ് മാറി. നമുക്ക് ഇപ്പോഴും സമയം ഉണ്ടെന്ന് എനിക്ക് മനസ്സിലായി. ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യണമെന്ന് ഞാൻ ഉറപ്പിച്ചു. എത്ര നടന്നിട്ടും പിച്ചിലേക്ക് എത്തുന്നില്ലല്ലോ എന്ന് എനിക്ക് ആ സമയത്ത് തോന്നി,” അശ്വിൻ പറഞ്ഞു.
Also read : ബാബർ അസം ഗോൾഡൻ ഡക്ക്; ഓപ്പണർമാരെ മടക്കി അർഷ്ദീപ്
രണ്ട് പന്തിൽ നിന്ന് രണ്ട് റൺസ് വേണ്ട സമയത്താണ് കാർത്തിക് പുറത്തായത്. മത്സരം ഇന്ത്യ പരാജയപ്പെട്ടിരുന്നുവെങ്കിൽ രൂക്ഷവിമർശനത്തിന് ഇരയാവാൻ സാധ്യതയുള്ള ഒരു കളിക്കാരനായിരുന്നു കാർത്തിക്. മത്സരശേഷം ബിസിസിഐ പുറത്ത് വിട്ട വീഡിയോയിൽ കാർത്തിക് അശ്വിനോട് നന്ദി പറയുന്നത് കാണാം. പന്തിൻെറ ഗതി മനസ്സിലാക്കി ഒഴിഞ്ഞ സ്ഥലത്തേക്ക് അതിനെ തിരിച്ചുവിടുക എന്നതായിരുന്നു തൻെറ ലക്ഷ്യമെന്നും അത് കൃത്യമായി നടപ്പാക്കാൻ സാധിച്ചുവെന്നും അശ്വിൻ പറഞ്ഞു.