നാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഹോങ്കോങ് ടീം ഇന്ത്യയ്ക്കെതിരെ ഒരു മത്സരം കളിക്കാൻ ഇറങ്ങിയത്. വമ്പൻമാർക്കെതിരെയാണ് മത്സരിക്കുന്നത് എന്ന ശരീരഭാഷയായിരുന്നില്ല ഹോങ്കോങ്ങിന്‍റേത്. ആദ്യ 10 ഓവറുകളിൽ ഹോങ്കോങ് ബൗളർമാർ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും സ്‌കോറിംഗ് നിരക്ക് നിയന്ത്രിക്കുകയും ചെയ്തു. ബാറ്റുകൊണ്ടും അവരുടെ ബാറ്റർമാർ പവർപ്ലേയിൽ മികച്ച പ്രകടനം നടത്തി.
മത്സരം തോറ്റെങ്കിലും ഹോങ്കോങിനെ സംബന്ധിച്ച് അവിസ്മരണീയമായ ഒരു മത്സരമായിരുന്നു ഇത്. അവർ ഈ ഗെയിം ഏറെക്കാലം ഓർക്കും. എന്നാൽ ഈ ദിവസം ജീവിതകാലം മുഴുവൻ മറക്കാൻ കഴിയാത്ത ഒരു കളിക്കാരനായി മാറിയിരിക്കുകകയാണ് കിഞ്ചിത് ഷാ. മത്സരത്തിന് ശേഷം കിഞ്ചിത് ഷാ തന്റെ കാമുകിയെ പ്രൊപ്പോസ് ചെയ്തു, അവൾ ക്രിക്കറ്റ് താരത്തെ നിരാശപ്പെടുത്തിയില്ല. അവളെ പ്രൊപ്പോസ് ചെയ്യാൻ ക്രിക്കറ്റ് താരം മുട്ടുകുത്തി. ആ പ്രണയാഭ്യർഥന തെല്ലൊരു അത്ഭുതത്തോടെയും സന്തോഷത്തോടെയും അവർ സ്വീകരിച്ചു. തങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കുന്നതിനായി ഇരുവരും ആലിംഗനം ചെയ്തു.
advertisement
ഏതായാലും ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ഇരുവർക്കും ആശീർവാദങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്. ഏഷ്യൻ ക്രിക്കറ്റ് കൌൺസിലും അവരുടെ ട്വിറ്റർ പേജ് വഴി കിഞ്ചിത് ഷായ്ക്കും കാമുകിക്കും ആശംസ നേർന്നു.
മത്സരത്തിൽ ഹോങ്കോങ് 40 റൺസിന് തോൽക്കുകയായിരുന്നു. ഹോങ്കോങിനെതിരായ വിജയത്തോടെ, ഗ്രൂപ്പ് എയിൽ നിന്ന് സൂപ്പർ ഫോറിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി. വെള്ളിയാഴ്ച (സെപ്റ്റംബർ 2) നോക്കൗട്ടിന് സമാനമായ മത്സരത്തിൽ ഹോങ്കോങ് പാകിസ്ഥാനെ നേരിടും. മത്സരത്തിലെ വിജയി ഞായറാഴ്ച (സെപ്റ്റംബർ 4) സൂപ്പർ 4 ലെ ആദ്യ ഗെയിമിൽ ഇന്ത്യയെ നേരിടും. ആദ്യ മത്സരത്തിൽ പാകിസ്ഥാൻ ഇന്ത്യയോട് അഞ്ച് വിക്കറ്റിന് തോറ്റിരുന്നു. ഗ്രൂപ്പ് ബിയിൽ നിന്ന് അഫ്ഗാനിസ്ഥാൻ രണ്ടാം റൗണ്ടിൽ സ്ഥാനം ഉറപ്പിച്ചു. ഇന്ന് നോക്കൗട്ട് മത്സരത്തിൽ ശ്രീലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടും.