ജമിമ റോഡ്രിഗസിന്റെ സെഞ്ച്വറിയുടെ കരുത്തില്‍ ഓസീസ് വനിതകള്‍ ഉയര്‍ത്തിയ 339 റണ്‍സിന്റെ കൂറ്റൻ റൺമല 48.3 ഓവറില്‍ അഞ്ച് വിക്കറ്റിന് ഇന്ത്യ വിജയകരമായി മറികടന്നു. 341 റണ്‍സ് ആണ് ഇന്ത്യന്‍ വനിതകള്‍ നേടിയത്. ജമിമ റോഡ്രിഗസ് 115 പന്തില്‍ സെഞ്ച്വറി തികച്ചു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയന്‍ വനിതകള്‍ 49.5 ഓവറില്‍ 338 റണ്‍സ് നേടി. ഫീബി ലിച്ച്ഫീല്‍ഡിന്റെ സെഞ്ച്വറിയുടെയും ആഷ്‌ലി ഗാര്‍ഡ്‌നറുടെയും എല്ലിസ് പെറിയുടെയും അര്‍ദ്ധസെഞ്ച്വറികളുടെയും കരുത്തിലായിരുന്നു ഓസീസിന്റെ ആദ്യത്തെ റണ്‍സ് വേട്ട.
advertisement
ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ ടീമായ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി അലിസ്സ ഹീലിയും ലിച്ച്ഫീല്‍ഡും ചേര്‍ന്നാണ് ഇന്നിംഗ്‌സിന് തുടക്കം കുറിച്ചത്. എന്നാല്‍ 15 പന്തില്‍ വെറും അഞ്ച് റണ്‍സ് മാത്രം നേടി ഹീലി പുറത്തായി. ക്രാന്തി ഗൗഡാണ് ഹീലിയെ പുറത്താക്കിയത്. തുടര്‍ന്ന് ലിച്ച്ഫീല്‍ഡിനൊപ്പം പെറി ചേര്‍ന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 155 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ലിച്ച്ഫീല്‍ഡിന്റെ ആക്രമണാത്മക ബാറ്റിംഗ് അവരെ 300 റൺസിന് മുകളിൽ എത്തിക്കാൻ സഹായിച്ചു. തുടര്‍ന്ന് അമന്‍ജ്യോത് കൗര്‍ ലിച്ച്ഫീല്‍ഡിനെ പുറത്താക്കി. പെറി 77 റണ്‍സ് കൂടി എടുത്തെങ്കിലും രാധ യാദവ് അവരെ പുറത്താക്കി. ബെത്ത് മൂണി 24 റണ്‍സ് നേടിയെങ്കിലും ശ്രീ ചരണി അവരുടെ വിക്കറ്റുമെടുത്തു. അന്നബെല്‍ സതര്‍ലാന്‍ഡിനെയും ശ്രീ ചരണിയാണ് പുറത്താക്കിയത്.
63 റണ്‍സ് നേടിയ ഗാര്‍ഡ്‌നറിനെ ക്രാന്തി ഗൗഡ് റണ്ണൗട്ടാക്കി. സമാനമായ രീതിയിൽ തഹ്ലിയ മക്ഗ്രാത്തിനെ റോഡ്രിഗസും റണ്ണൗട്ടാക്കി. അലാന കിംഗിനെ ദീപ്തി ശര്‍മ്മ നാല് റണ്‍സിന് പുറത്താക്കി. കിം ഗാര്‍ത്ത് 17 റണ്‍സ് നേടിയെങ്കിലും അമന്‍ജ്യോത് കൗര്‍ റണ്ണൗട്ടാക്കി.
ഇന്ത്യയ്ക്കു വേണ്ടി ഷെഫാലി വര്‍മയും സ്മൃതി മന്ഥാനയുമാണ് ആദ്യം കളത്തിലിറങ്ങിയത്. എന്നാല്‍ തുടക്കത്തില്‍ തന്നെ രണ്ടുപേരും പുറത്തായി. വര്‍മയെ 10 റണ്‍സിനും മന്ഥാനയെ 24 റണ്‍സിനുമാണ് പുറത്താക്കിയത്.
ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീതും ജമിമ റോഡ്രിഗസും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ഉറപ്പിച്ചു നിര്‍ത്തി. 167 റണ്‍സാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. എന്നാല്‍ സതര്‍ലാന്‍ഡ് 89 റണ്‍സെടുത്ത ക്യാപ്റ്റനെ പുറത്താക്കി. റോഡ്രിഗസ് 127 റണ്‍സുമായി പുറത്താകാതെ നിന്നു. റിച്ച ഘോഷിന്റെ 26 റണ്‍സിനും അമന്‍ജ്യോത് കൗറിന്റെ 15 റണ്‍സിനുമൊപ്പം ഇന്ത്യന്‍ ടീമിനെ റോഡ്രിഗസ് വിജയത്തിലേക്ക് നയിച്ചു.
