ഐസിസി വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് 51 കോടി രൂപ പാരിതോഷികം നൽകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ദേവജിത് സൈകിയ പ്രഖ്യാപിച്ചു.മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചാണ് ഐസിസി വനിതാ ലോകകപ്പിൽ ഇന്ത്യൻ വനിതാ ടീം കന്നികിരീടത്തിൽ മുത്തമിട്ടത്.
advertisement
"2019 മുതൽ 2024 വരെ ബിസിസിഐ സെക്രട്ടറിയായി ജയ് ഷാ ചുമതലയേറ്റതിനുശേഷം, വനിതാ ക്രിക്കറ്റിൽ ശമ്പള തുല്യത ഉൾപ്പെടെ നിരവധി മാറ്റങ്ങൾ അദ്ദേഹം നടപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം, ഐസിസി ചെയർമാൻ ജയ് ഷാ വനിതാ സമ്മാനത്തുക 300 ശതമാനം വർദ്ധിപ്പിച്ച് 2.88 മില്യൺ ഡോളറിൽ നിന്ന് 14 മില്യൺ ഡോളറായി ഉയർത്തി. ഇത് വനിതാ ക്രിക്കറ്റിനെ ഗണ്യമായി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്." ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.കളിക്കാർ, പരിശീലകർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരുൾപ്പെടെ മുഴുവൻ ടീമിനും ബിസിസിഐ 51 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ബിസിസിഐ സെക്രട്ടറി കൂട്ടിച്ചേർത്തു.
ലോകകപ്പ് ജേതാക്കളായ ഇന്ത്യയ്ക്ക് ഐസിസിയിൽ നിന്ന് 4.48 മില്യൺ യുഎസ് ഡോളർ (ഏകദേശം 40 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിക്കുക. മൂന്ന് വർഷം മുമ്പ് ഓസ്‌ട്രേലിയയ്ക്ക് ലഭിച്ച 1.32 മില്യൺ യുഎസ് ഡോളറിൽ (ഏകദേശം 12 കോടി രൂപ) നിന്ന് ഇത് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്.
രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്ക് 2.24 മില്യൺ യുഎസ് ഡോളർ (ഏകദേശം 20 കോടി രൂപ) സമ്മാനത്തുകയാണ് ലഭിക്കുക. അതേസമയം പരാജയപ്പെട്ട സെമിഫൈനലിസ്റ്റുകൾ ഓരോരുത്തരും 1.12 മില്യൺ യുഎസ് ഡോളർ (ഏകദേശം 10 കോടി രൂപ) ലഭിക്കും - 2022ൽ ഇത് 300,000 യുഎസ് ഡോളർ (ഏകദേശം 2.7 കോടി രൂപ) ആയിരന്നു.
ടൂർണമെന്റിന്റെ ആകെ സമ്മാനത്തുക 13.88 മില്യൺ യുഎസ് ഡോളറാണ് (123 കോടി രൂപ). 2022 ൽ ന്യൂസിലൻഡിൽ നടന്ന ലോകപ്പിലെ സമ്മാനതുകയെക്കാൾ ( 3.5 മില്യൺ യുഎസ് ഡോളർ- 31 കോടി രൂപ) ഏകദേശം നാലിരട്ടിയാണിത്. 2023 ലെ പുരുഷ ക്രിക്കറ്റ് ലോകകപ്പിൽ 10 മില്യൺ യുഎസ് ഡോളർ (ഏകദേശം 89 കോടി രൂപ) ആയിരുന്നു സമ്മാന തുക.
