'ഇന്ത്യൻ ക്രിക്കറ്റിലെ ചുവന്ന ലിപിയിൽ രേഖപ്പെടുത്തിയ ദിനം' എന്നാണ് ചൊവ്വാഴ്ച്ച ലേല നടപടികൾ പൂർത്തിയായതിന് ശേഷം ബിസിസിഐ സെക്രട്ടറി ജയ് ഷാ ഈ ദിനത്തെ വിശേഷിപ്പിച്ചത്. ബോർഡ് എങ്ങനെ പണം ചെലവഴിക്കാൻ പദ്ധതിയിടുന്നു എന്നതിനെക്കുറിച്ച് ചില ആശയങ്ങൾ പങ്കുവച്ചു കൊണ്ടുള്ള ചില ട്വീറ്റുകളും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ആഭ്യന്തര ക്രിക്കറ്റിനെ ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ബോർഡ് എങ്ങനെ പണം ചെലവഴിക്കാൻ പദ്ധതിയിടുന്നു എന്നതിനെക്കുറിച്ചുള്ള ചില വിവരങ്ങളും ബിസിസിഐ സെക്രട്ടറി ജയ് ഷാ പങ്കുവച്ച ചില ട്വീറ്റുകളിൽ വ്യക്തമാക്കുന്നുണ്ട്. രാജ്യത്ത് മൊത്തത്തിൽ ക്രിക്കറ്റ് കാണൽ അനുഭവം മികച്ചതാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം ട്വീറ്റുകളിലൂടെ അറിയിച്ചു.
advertisement
ഇപ്പോൾ ഉയർന്നു വരുന്ന പ്രധാന ചോദ്യം, ഐപിഎൽ ഫ്രാഞ്ചൈസികൾ, കളിക്കാർ, സംസ്ഥാന അസോസിയേഷനുകൾ, ജീവനക്കാർ എന്നിവരുൾപ്പെടെയുള്ളവർക്ക് ബിസിസിഐ ഈ തുക എങ്ങനെ വകയിരുത്തും എന്നതാണ്. ഇത് സംബന്ധിച്ച ഒരു ഹ്രസ്വ രൂപരേഖ ഇതാ:
ഐപിഎൽ ഫ്രാഞ്ചൈസികൾ
മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, സൺറൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്‌സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ എട്ട് ഫ്രാഞ്ചൈസികൾക്ക് 48,390 കോടി രൂപയുടെ പകുതി വിതരണം ചെയ്യുമെന്നാണ് വിവരം. എന്നാൽ പുതിയ ഫ്രാഞ്ചൈസികളായ ഗുജറാത്ത് ടൈറ്റൻസിനും ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനും മറ്റ് എട്ട് ഫ്രാഞ്ചൈസികൾക്ക് ലഭിക്കുന്ന അത്ര തുക ലഭിക്കുന്നതിന് അൽപ്പം കൂടി കാത്തിരിക്കേണ്ടി വരും. മുകളിൽ പറഞ്ഞ എട്ട് ഐപിഎൽ ടീമുകൾക്ക് ഏകദേശം 3,000 കോടി രൂപ വീതം ലഭിക്കും.
ബാക്കി പകുതി (24,195 കോടി രൂപ)
ബാക്കി പകുതി കളിക്കാർക്കും സംസ്ഥാന അസോസിയേഷനുകൾക്കുമായി പങ്കിടുമെന്നാണ് വിവരം. ഇന്ത്യൻ എക്‌സ്പ്രസിലെ ഒരു റിപ്പോർട്ട് പ്രകാരം, ബാക്കി പകുതിയുടെ 26 ശതമാനം ആഭ്യന്തര, അന്തർദേശീയ കളിക്കാർക്കിടയിൽ വിതരണം ചെയ്യും. ശേഷിക്കുന്ന 74 ശതമാനത്തിൽ നാല് ശതമാനം ജീവനക്കാരുടെ ശമ്പളത്തിനായി നീക്കിവച്ചിട്ടുണ്ട്. ബാക്കി വിവിധ സംസ്ഥാന അസോസിയേഷനുകൾക്കും നൽകും. അതായത്
ഏകദേശം 6290 കോടി രൂപ കളിക്കാർക്കും 16,936 കോടി രൂപ ബിസിസിഐ അഫിലിയേറ്റഡ് സ്റ്റേറ്റ് ബോർഡുകൾക്കും വീതിച്ചു നൽകും.