മറഡോണയുടെയും മെസിയുടേയും ചിത്രങ്ങളുള്ള പതാകയുമായി പാട്ടും മേളവുമായി ആരാധകര്‍ ലോകകപ്പ് ജയം ആഘോഷമാക്കി. ഖത്തറിലെ കലാശപ്പോരാട്ടത്തില്‍ ഫ്രാന്‍സിനെതിരെ നേടിയതു മുതല്‍ ഉത്സവാന്തരീക്ഷത്തിലായിരുന്നു തലസ്ഥാന നഗരം. തെരുവുകളും റോഡുകളും ആരാധകരാല്‍ നിറഞ്ഞതോടെ ടീമിന്റെ വിക്ടറി ബസ് വഴിതിരിച്ചുവിടാന്‍ നിര്‍ബന്ധിതമായി.
നാല്‍പത് ലക്ഷം ആരാധകരെങ്കിലും ബ്യൂണസ് അയേഴ്‌സിലേക്ക് എത്തിയതായാണ് റിപ്പോര്‍ട്ട്. രാജ്യത്താകെ പൊതു അവധി നല്‍കിയാണ് അര്‍ജന്റീന മൂന്നാം ലോകകപ്പ് വിജയം ആഘോഷിക്കുന്നത്. മുമ്പ് 1978ലും 1986ലുമാണ് അര്‍ജന്റീന ലോകകപ്പ് നേടിയത്. 1978ല്‍ മരിയോ കെംപസിലൂടെയും 1986ല്‍ ഡീഗോ മറഡോണയിലൂടെയും നേടിയ ലോകകിരീടം 2022ല്‍ ലയണല്‍ മെസിയിലൂടെ അര്‍ജന്റീന തിരിച്ചുപിടിക്കുകയായിരുന്നു.
ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോറ്റ് തുടങ്ങിയ അര്‍ജന്റീന പിന്നീട് വന്‍ കുതിപ്പാണ് നടത്തിയത്. മെക്‌സിക്കോയെയും പോളണ്ടിനെയും തകര്‍ത്ത് ?ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി തന്നെ ടീം പ്രീ ക്വാര്‍ട്ടറില്‍ എത്തി. ഓസ്‌ട്രേലിയന്‍ വെല്ലുവിളി പ്രീ ക്വാര്‍ട്ടറിലും നെതര്‍ലാന്‍ഡ്സ് ഭീഷണി ക്വാര്‍ട്ടറിലും കടന്നാണ് ടീം സെമിയിലേക്ക് കുതിച്ചത്. അവസാന നാലില്‍ ക്രൊയേഷ്യയെ തകര്‍ത്ത മെസിയും കൂട്ടരും കലാശപ്പോരില്‍ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാന്‍സിനെ തകര്‍ക്കുകയായിരുന്നു.
