2025 ലെ ഗോട്ട് ഇന്ത്യ ടൂറിൽ ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസ്സി ഹൈദരാബാദ് സന്ദർശിക്കുന്നതിൽ സന്തോഷം പങ്കുവച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഇതഹാസ താരത്തെ വരവേൽക്കാൻ ഹൈദരാബാദ് നഗരം ഒരങ്ങിക്കഴിഞ്ഞെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഡിസംബർ 13നാണ് ലയണൽമെസി ഹൈദരാബാദിൽ പര്യടനം നടത്തുന്നത്.
"ഡിസംബർ 13 ന് ഹൈദരാബാദിൽ ഇതിഹാസ താരം ലയണൽ മെസ്സിയെ സ്വാഗതം ചെയ്യുന്നതിനും ആതിഥേയത്വം വഹിക്കുന്നതിനും ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. നമ്മുടെ നഗരത്തിനും, മെസിയെ പോലെ ഒരു ഇതിഹാസത്തെ കാണാൻ സ്വപ്നം കണ്ടിട്ടുള്ള ഓരോ ഫുട്ബോൾ ആരാധകനും ഇത് ഒരു ആവേശകരമായ നിമിഷമാണ്. ഹൈദരാബാദ് അദ്ദേഹത്തെ ഊഷ്മളതയോടെയും അഭിമാനത്തോടെയും നമ്മുടെ ആളുകളെ നിർവചിക്കുന്ന ആത്മാവോടെയും സ്വീകരിക്കാൻ കാത്തിരിക്കുകയാണ്." രേവന്ത് റെഡ്ഡി എക്സിൽ കുറിച്ചു.
advertisement
കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കുള്ള തന്റെ സന്ദർശനങ്ങളിൽ ഹൈദരാബാദും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന വാർത്ത മെസി പങ്കുച്ചിരുന്നു. ഇന്ത്യയിലേക്കുള്ള GOAT പര്യടനം ഏതാനും ആഴ്ചകൾക്കുള്ളിൽ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
'ഇന്ത്യയിൽ നിന്നുള്ള എല്ലാ സ്നേഹത്തിനും നന്ദി! GOAT ടൂർ ഏതാനും ആഴ്ചകൾക്കുള്ളിൽ ആരംഭിക്കും!!! കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കുള്ള എന്റെ സന്ദർശനങ്ങളിൽ ഹൈദരാബാദും ചേർത്തിട്ടുണ്ടെന്ന് പങ്കുവെക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്' മെസി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മെസ്സിയുടെ 'GOAT ടൂർ' കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലാകും നടക്കുക. സെലിബ്രിറ്റി മത്സരം, ഫുട്ബോൾ ക്ലിനിക്, അനുമോദന ചടങ്ങുകൾ, സംഗീത പരിപാടി എന്നിവ ഉണ്ടാകും. ഡിസംബർ 12ന് രാത്രി മയാമിയിൽ നിന്ന് മെസി ന്യൂഡൽഹിയിലെത്തും. ഡിസംബർ 13 ന് കൊൽക്കത്തയിൽ നിന്ന് പര്യടനം ആരംഭിക്കുന്ന മെസ്സി, അതേ ദിവസം വൈകുന്നേരം ഹൈദരാബാദിലും തുടർന്ന് ഡിസംബർ 14 ന് മുംബൈയിലും ഡിസംബർ 15 ന് ന്യൂഡൽഹിയിലും പര്യടനം നടത്തും. അവിടെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും.
