സുരക്ഷാ കാരണങ്ങൾ മുൻനിർത്തി തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബിസിബി ആവർത്തിച്ചു.പങ്കെടുക്കുന്ന 20 ടീമുകൾക്കും ഇന്ത്യയിലെ ഭീഷണി നിലവാരം 'മീഡിയം ടു ഹൈ' വിഭാഗത്തിലാണെന്ന് ഒരു സ്വതന്ത്ര സുരക്ഷാ ഏജൻസി നൽകിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് ഈ വാദം ഉന്നയിച്ചത്. എന്നാൽ, ബംഗ്ലാദേശ് ടീമിനോ ഇന്ത്യയിൽ കളിക്കുന്ന മറ്റ് ടീമുകൾക്കോ മാത്രമായി പ്രത്യേക സുരക്ഷാ ഭീഷണികളൊന്നുമില്ലെന്ന് ഐസിസി മറുപടി നൽകി. തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളെല്ലാം ശ്രീലങ്കയിൽ കളിക്കുന്ന അയർലൻഡുമായി ഗ്രൂപ്പ് മാറണമെന്ന ബിസിബിയുടെ നിർദ്ദേശവും ഐസിസി തള്ളിക്കളഞ്ഞു. ഫെബ്രുവരി 7-ന് ആരംഭിക്കുന്ന ടൂർണമെന്റിൽ കൊൽക്കത്തയിലും മുംബൈയിലുമായാണ് ബംഗ്ലാദേശിന്റെ മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
advertisement
കഴിഞ്ഞ ഐപിഎൽ ലേലത്തിൽ 9.2 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കാൻ ബിസിസിഐ നിർദ്ദേശിച്ചതാണ് ബിസിബിയുടെ ആശങ്കകൾക്ക് കാരണം. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ബംഗ്ലാദേശ് വിരുദ്ധ വികാരം ബിസിസിഐ സൂചിപ്പിച്ചിരുന്നു. അതേസമയം, യാത്ര ഒഴിവാക്കുന്നതിന് പകരം നയതന്ത്രപരമായ പരിഹാരം കണ്ടെത്തണമെന്ന് ബംഗ്ലാദേശിലെ മുൻ താരങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ലോകകപ്പിൽ പങ്കെടുത്തില്ലെങ്കിലും ബോർഡിന് സാമ്പത്തിക നഷ്ടം സംഭവിക്കില്ലെന്നും കളിക്കാർക്ക് നഷ്ടപരിഹാരം നൽകില്ലെന്നും ഒരു ബിസിബി ഉദ്യോഗസ്ഥൻ പറഞ്ഞത്തതിനെ തുടർന്ന് കളിക്കാർ പണിമുടക്ക് പ്രഖ്യാപിച്ചെങ്കിലും പിന്നീട് ചർച്ചകളിലൂടെ അത് പരിഹരിക്കപ്പെടുകയായിരുന്നു.
