ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡിനായി മാർട്ടിൻ ഗപ്റ്റിലും ഡാരിൽ മിച്ചലും മികച്ച തുടക്കം നൽകിയെങ്കിലും ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരത്തിൽ കിവീസിന്റെ ഹീറോയായ ഡാരിൽ മിച്ചലിനെ (11) മാത്യൂ വെയ്ഡിന്റെ കൈകളിലെത്തിച്ച് ഹെയ്സൽവുഡ് ന്യൂസിലൻഡിന് ആദ്യ പ്രഹരം നൽകി. വിക്കറ്റ് വീണതോടെ ന്യൂസിലൻഡ് പ്രതിരോധത്തിലായെങ്കിലും രണ്ടാം വിക്കറ്റിൽ ഗപ്റ്റിലിനൊപ്പം ചേർന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസൺ കിവീസ് ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചതോടെ അവർ പതിയെ മത്സരത്തിലേക്ക് തിരിച്ചുവന്നു. ഇതിനിടയിൽ സ്റ്റാർക്കിന്റെ പന്തിൽ വില്യംസൺ നൽകിയ അവസരം ഹെയ്സൽവുഡ് നിലത്തിടുകയും ചെയ്തു. വീണുകിട്ടിയ അവസരം മുതലാക്കിയ വില്യംസൺ പിന്നീട് കത്തിക്കയറുകയായിരുന്നു. സ്റ്റാര്‍ക്കിന്‍റെ ഈ ഓവറില്‍ 19 റണ്‍സ് പിറന്നത്. മികച്ച രീതിയിൽ മുന്നേറുകയായിരുന്ന ഈ കൂട്ടുകെട്ട് പൊളിച്ചത് ലെഗ് സ്പിന്നർ ആദം സാമ്പയായിരുന്നു. 12-ാം ഓവറില്‍ ഗുപ്റ്റിലിനെ മാർക്കസ് സ്റ്റോയ്‌നിസിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു സാമ്പ. റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച ഗുപ്റ്റില്‍ 35 പന്തുകള്‍ നേരിട്ടാണ് 28 റണ്‍സെടുത്തത്. മൂന്ന് ബൗണ്ടറികൾ മാത്രമാണ് താരത്തിന് നേടാൻ കഴിഞ്ഞത്. രണ്ടാം വിക്കറ്റിൽ ഗപ്റ്റിലും വില്യംസണും 48 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
advertisement
തുടർന്ന് ക്രീസിലെത്തിയ ഗ്ലെൻ ഫിലിപ്സിനെ കൂട്ടുപിടിച്ച വില്യംസൺ ന്യൂസിലൻഡ് ഇന്നിങ്സിന്റെ വേഗം കൂട്ടി. ഓസ്‌ട്രേലിയയുടെ പ്രധാന ബൗളറായ മിച്ചൽ സ്റ്റാർക്കിനെ വില്യംസൺ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന കാഴ്ചയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. സ്റ്റാർക് എറിഞ്ഞ 16-ാം ഓവറിൽ നിന്നും 22 റൺസാണ് വില്യംസൺ അടിച്ചുകൂട്ടിയത്. കിവീസ് ഇന്നിംഗ്സ് ടോപ് ഗിയറിൽ കുതിക്കുന്നതിനിടെ 17 പന്തില്‍ 18 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സിനെ മാക്സ്‌വെല്ലിന്റെ കൈകളിൽ എത്തിച്ച് ഹെയ്സൽവുഡ് ഓസ്‌ട്രേലിയയ്ക്ക് ബ്രേക്ക് ത്രൂ നൽകി. മൂന്നാം വിക്കറ്റിൽ 68 റൺസാണ് ഇതിനോടകം ഇരുവരും ചേർത്തത്. തൊട്ടുപിന്നാലെ തന്നെ കെയ്ൻ വില്യംസണെയും മടക്കി ഹെയ്സൽവുഡ് ന്യൂസിലൻഡിന് ഇരട്ടപ്രഹരമേൽപ്പിച്ചു. ഹെയ്സൽവുഡിന്റെ പന്തിൽ വമ്പനടിക്ക് ശ്രമിച്ച കിവീസ് ക്യാപ്റ്റൻ ലോങ്ങ് ഓഫിൽ സ്മിത്തിന്റെ കൈകളിൽ ഒതുങ്ങുകയായിരുന്നു.
അവസാന രണ്ട് ഓവറില്‍ 23 റണ്‍സ് ചേര്‍ത്ത് ജിമ്മി നീഷമും ടിം സീഫെര്‍ട്ടും ന്യൂസിലന്‍ഡ് മികച്ച സ്‌കോര്‍ ഉറപ്പാക്കി. ജിമ്മി നിഷാം (7 പന്തിൽ 13), ടിം സീഫെർട്ട് (6 പന്തിൽ 8) റൺസോടെ പുറത്താകാതെ നിന്നു.
ഓസ്‌ട്രേലിയൻ നിരയിൽ നാല് ഓവറിൽ 60 റൺസ് വഴങ്ങിയ മിച്ചൽ സ്റ്റാർക് നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.