മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിൽ ഷഹീൻ അഫ്രീദി എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിൽ രാഹുൽ ബൗൾഡ് ആവുകയായിരുന്നു. എന്നാൽ ഈ പന്ത് നോ ബോൾ ആയിരുന്നു എന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്. ട്വിറ്ററിലും മറ്റ് സമൂഹ മാധ്യമങ്ങളിലും ഷഹീൻ അഫ്രീദി എറിഞ്ഞ ഈ പന്ത് നോ ബോൾ ആണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ ആരാധകർ പങ്കുവെച്ചിട്ടുണ്ട്.
മത്സരത്തിൽ ഇന്ത്യയുടെ ഓപ്പണർമാരായ കെ എൽ രാഹുലിനെയും രോഹിത് ശർമയേയും തുടക്കത്തിൽ തന്നെ പുറത്താക്കി അഫ്രീദി ഇന്ത്യക്ക് ഇരട്ടപ്രഹരം ഏൽപ്പിച്ചിരുന്നു. ഇതിൽ രോഹിത് ഗോൾഡൻ ഡക്ക് ആയി മടങ്ങിയപ്പോൾ കെ എൽ രാഹുൽ മൂന്ന് റൺസ് മാത്രമാണ് നേടിയത്. പന്ത് റിലീസ് ചെയ്യുന്നതിന് മുൻപ് അഫ്രീദിയുടെ കാൽ ക്രീസിന് പുറത്തായിരുന്നു എന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഫീൽഡ് അമ്പയർമാരോ തേർഡ് അമ്പയറോ ഇക്കാര്യം ശ്രദ്ധിച്ചതുമില്ല.
advertisement
ലോകകപ്പിൽ, അതും ടൂർണമെന്റിലെ തന്നെ ഏറ്റവും പ്രധാന മത്സരങ്ങളിൽ ഒന്നായ മത്സരമായിരുന്നിട്ടും അമ്പയർമാർ ഇത് ശ്രദ്ധിക്കാതെ പോയത് എന്ത് കൊണ്ടെന്ന് ചോദിച്ചാണ് ആരാധകർ അവരുടെ രോഷം അറിയിക്കുന്നത്. നിർണായക മത്സരങ്ങളിൽ ഇത്തരം മോശം അമ്പയറിങ് അനുവദിക്കാൻ കഴിയില്ലെന്നും ആരാധകർ പറയുന്നു.
അതേസമയം, ഇന്നലെ ഇന്ത്യയെ തോൽപ്പിച്ച പാകിസ്ഥാൻ ലോകകപ്പിൽ ഇന്ത്യക്കെതിരെ അവരുടെ ആദ്യ ജയം കൂടിയാണ് സ്വന്തമാക്കിയത്. ഇന്ത്യ കുറിച്ച 152 റൺസ് പിന്തുടർന്ന് ഇറങ്ങിയ പാകിസ്ഥാൻ 17.5 ഓവറിൽ തന്നെ ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ ബാബർ അസമിന്റെയും (Babar Azam) (52 പന്തിൽ 68) മുഹമ്മദ് റിസ്വാന്റെയും (Mohammad Rizwan) (55 പന്തിൽ 72) അർധസെഞ്ചുറി പ്രകടനങ്ങളാണ് അവരുടെ ജയം എളുപ്പമാക്കിയത്.