ടി20 ഫോർമാറ്റിന് ചേർന്ന താരങ്ങളെ ഇന്ത്യ ടീമിൽ എടുക്കണമെന്നും, മറ്റ് ഫോർമാറ്റുകൾക്ക് മാത്രമായി യോജിക്കുന്ന താരങ്ങൾ നിലവിലെ ടി20 ടീമിലുണ്ടെങ്കിൽ അവരെ ടീമിൽ നിന്നും മാറ്റി നിർത്തണമെന്നും മഞ്ജരേക്കർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ(Mohammed Shami) ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ് മഞ്ജരേക്കർ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ഇന്ത്യ - സ്കോട്‌ലൻഡ് മത്സരത്തെ കുറിച്ച് സംസാരിക്കുന്നതിന് ഇടയിലാണ് ഷമി ടി20 ഫോർമാറ്റിന് യോജിച്ച ബൗളർ അല്ലെന്ന പരാമർശം മഞ്ജരേക്കർ മുന്നോട്ടുവെച്ചത്. ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായ ഷമി ഇതുവരെയുള്ള മത്സരങ്ങളിൽ എല്ലാം തന്നെ കളിച്ചിരുന്നു. ആദ്യത്തെ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയ താരം കഴിഞ്ഞ മത്സരത്തിൽ മൂന്ന് വിക്കറ്റ് നേടി മികച്ച പ്രകടനം തന്നെയാണ് നടത്തിയത്.
advertisement
'ടി20 ടീമിൽ കളിക്കാരുടെ തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ഇന്ത്യ ചില നിർണായക തീരുമാനങ്ങൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിലവിൽ ടീമിലുള്ള താരങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കണം, അവർ ടി20 ഫോർമാറ്റിനേക്കാൾ മറ്റേതെങ്കിലും ഫോർമാറ്റിലാണ് കൂടുതൽ അനുയോജ്യമെന്ന് തോന്നുന്നതെങ്കിൽ അവരെ തീർച്ചയായും മാറ്റിനിർത്തണം.' - മഞ്ജരേക്കർ പറഞ്ഞു.
'ടി20യിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിൽ കൂടി അവർ മറ്റ് ഫോർമാറ്റുകളിൽ ഇന്ത്യക്ക് വേണ്ടി തിളങ്ങാൻ കഴിയുന്നവരാകും. ഇപ്പോൾ ഷമിയുടെ കാര്യമെടുത്താൽ, ഷമി ടെസ്റ്റിൽ ഇന്ത്യയുടെ പ്രധാന ബൗളർമാരിൽ ഒരാളാണ്, ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി എന്താണ് ഷമിക്ക് ചെയ്യാൻ കഴിയുക എന്നത് അദ്ദേഹം തന്നെ കാണിച്ച് തന്നിട്ടുള്ളതാണ്. എന്നാൽ ടി20യിൽ ഷമി അത്യാവശ്യം റൺ വഴങ്ങുന്ന ഒരു ബൗളറാണ്. ടി20യിൽ ഓവറിൽ ഒമ്പത് റൺസ് എന്ന ശരാശരിയിലാണ് ഷമി പന്തെറിയുന്നത്, അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഷമി മികച്ച രീതിയിൽ പന്തെറിഞ്ഞു എന്ന കാര്യം പരിഗണിക്കുമ്പോഴും ഷമിയെക്കാൾ മികച്ച ബൗളർമാർ ഇന്ത്യക്കുണ്ട് എന്ന കാര്യം കാണാതെ പോകരുത്.' മഞ്ജരേക്കർ കൂട്ടിച്ചേർത്തു.
ടി20 മത്സരങ്ങൾക്ക് വേണ്ടി ടീമിനെ എടുക്കുമ്പോൾ മറ്റ് ഫോർമാറ്റുകളിലെ പ്രകടനം അവിടെ മാനദണ്ഡമാകരുതെന്നും മഞ്ജരേക്കർ സെലക്ടർമാരോട് ആവശ്യപ്പെട്ടു. അശ്വിന്റെ കാര്യത്തിലും സമാന രീതിയിലുള്ള പിഴവാണ് ഇന്ത്യൻ സെലക്ടർമാർ നടത്തിയിട്ടുള്ളത് എന്നാണ് മഞ്ജരേക്കർ പറയുന്നത്. അശ്വിന്റെ കാര്യത്തിൽ മഞ്ജരേക്കർ പറയുന്നത് റൺ വഴങ്ങാതിരിക്കാൻ വേണ്ടി ഒരു ബൗളറെ ടീമിൽ എടുക്കേണ്ടതില്ല എന്നാണ്.
എന്നാൽ അഫ്ഗാനിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിൽ നാല് ഓവർ പന്തെറിഞ്ഞ അശ്വിൻ റൺ വഴങ്ങാതിരുന്നതിന് പുറമെ രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തിയിരുന്നു. നാല് ഓവറിൽ വെറും 13 റൺസ് മാത്രമായിരുന്നു അശ്വിൻ വഴങ്ങിയത്. അനുഭവസമ്പത്തുള്ള ബൗളറായ അശ്വിന്റെ സാന്നിധ്യം ഇന്ത്യൻ ടീമിന് മുതൽക്കൂട്ടാണെന്ന് മുൻ താരങ്ങൾ അടക്കം പലരും വാദിക്കുന്നതിനിടെയാണ് മഞ്ജരേക്കർ അശ്വിനെതിരെ അഭിപ്രായമുയർത്തുന്നത്.