കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസിന് തുടക്കത്തിൽ തന്നെ ഓപ്പണർ സുനിൽ ആംബ്രിസിനെ നഷ്ടമായി. അഞ്ച് റൺസെടുത്ത ആംബ്രിസിനെ മലിംഗയാണ് പുറത്താക്കിയത്. പകരം എത്തിയ ഷായി ഹോപ്പും ( 5 റണ്‍സ്) ഉടനടി മടങ്ങി. ഒരുവശത്ത് നിലയുറപ്പിക്കുന്നുവെന്ന് തോന്നിച്ച ക്രിസ് ഗെയ്ൽ 48 പന്തിൽ 35 റൺസുമായി പുറത്തായതോടെ വിൻഡീസ് അപകടം മണത്തു. ഷിംറോൺ ഹെറ്റ്മെയർ 29 റണ്‍സെടുത്ത് റണ്ണൗട്ടാകുമ്പോഴും ഒരുവശത്ത് നിക്കോളാസ് പൂരൻ തകർത്തടിക്കുന്നുണ്ടായിരുന്നു. ക്യാപ്റ്റൻ ജേസൺ ഹോൾ 26 റൺസെടുത്തും കാർലോസ് ബ്രെത്ത്വെയ്റ്റ് എട്ട് റണ്‍സെടുത്തും പുറത്തായെങ്കിലും ഫാബിയൻ അലൻ പൂരന് മികച്ച പിന്തുണ നൽകി 32 പന്തിൽ 51 റൺസെടുത്ത അലൻ റണ്ണൗട്ടാവുകയായിരുന്നു.
advertisement
നേരത്തെ ടോസ് നഷ്ടപ്പെട്ട ശ്രീലങ്ക അവിഷ്ക ഫെർണാണ്ടോയുടെ കന്നി സെഞ്ചുറിയുടെ പിൻബലത്തിൽ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു. ഏകദിനത്തിലെ ആദ്യ സെഞ്ചുറി കുറിച്ച അവിഷ്‌ക ഫെര്‍ണാണ്ടോയുടെ ഇന്നിങ്‌സാണ് ലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 100 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച ഫെര്‍ണാണ്ടോ 103 പന്തില്‍ നിന്ന് 104 റണ്‍സെടുത്ത് പുറത്തായി. ലങ്കയ്ക്ക് ക്യാപ്റ്റന്‍ കരുണരത്‌നെയും കുശാല്‍ പെരേരയും ചേര്‍ന്ന ഓപ്പണിങ് സഖ്യം മികച്ച തുടക്കം നൽകി. 93 റണ്‍സിന്റെ കൂട്ടുകെട്ടാണ് സഖ്യം പടുത്തുയർത്തിയത്. 32 റണ്‍സെടുത്ത കരുണരത്‌നെയെ ജേസണ്‍ ഹോള്‍ഡര്‍ പുറത്താക്കുകയായിരുന്നു. അധികം വൈകാതെ മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന കുശാല്‍ പെരേര (64) റണ്ണൗട്ടായി.
പിന്നീട് മൂന്നാം വിക്കറ്റില്‍ അവിഷ്‌ക ഫെര്‍ണാണ്ടോയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് 85 റണ്‍സ് ചേര്‍ത്തു. 39 റണ്‍സെടുത്ത മെന്‍ഡിസിനെ ഫാബിയാന്‍ അലന്‍ ഉഗ്രനൊരു ക്യാച്ചിലൂടെ മടക്കുകയായിരുന്നു. സ്‌കോര്‍ 247-ല്‍ എത്തിയപ്പോള്‍ 26 റണ്‍സോടെ ഏയ്ഞ്ചലോ മാത്യൂസും മടങ്ങി. അഞ്ചാം വിക്കറ്റില്‍ ഫെര്‍ണാണ്ടോ - ലഹിരു തിരിമാനെ സഖ്യം 67 റണ്‍സ് ചേര്‍ത്തു. 32 പന്തുകള്‍ നേരിട്ട തിരിമാനെ 43 റണ്‍സുമായി പുറത്താകാതെ നിന്നു.
വിന്‍ഡീസിനായി ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ കോട്രെല്ലും ഫാബിയന്‍ അലനും ഓഷാനെ തോമസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.