കപിലിനും ധോണിക്കും ശേഷം ലോകകപ്പെന്ന സ്വപ്നത്തിലേക്ക് ലെയ്സ് മുറുക്കി എത്തുകയാണ് രോഹിത് ശർമ. ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരെന്ന പരിചയും കൂട്ടിനുണ്ട്. ഒപ്പം ആർത്തലയ്ക്കുന്ന പതിനായിരങ്ങളും. സ്വന്തം മണ്ണിലെ വിശ്വമേളയാണ് ഏറ്റവും മികച്ച അവസരമെന്ന് നന്നായി അറിയാം രോഹിത് ശർമയ്ക്ക്. ലോകകപ്പ് നേട്ടമാണ് കരിയറിന് പൂർണത നൽകുന്നതെന്ന് രോഹിത് സമ്മതിക്കുകയും ചെയ്തു
ക്യാപ്റ്റൻ രോഹിതിന്റെയും വിരാട് കോലിയുടെയും ബാറ്റിലേക്കാണ് ശ്രദ്ധയേറെയും. 3 ഇരട്ട സെഞ്ചുറികൾ സ്വന്തമായുള്ള ക്യാപ്റ്റന് പക്ഷെ ചെന്നൈയിലെ 7 മത്സരങ്ങളിൽ ഇതുവരെ നേടാൻ കഴിഞ്ഞിട്ടുള്ളത് 140 റൺസ് മാത്രം. 47 സെഞ്ചുറികൾ ഉള്ള വിരാട് കോലിയിൽ നിന്ന് മറ്റൊരു ശതകം പ്രതീക്ഷിക്കുന്നു ആരാധകർ. ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവിനെയും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു രാജ്യം. സ്പിന്നിനെ തുണയ്ക്കുന്നതാണ് ചെപ്പോക്കിലെ പിച്ചെങ്കിലും ബുംറയും സിറാജും ചേരുന്ന പേസ് പടയ്ക്കും ചിലതൊക്കെ പ്രകടമാക്കാനുണ്ട്.
advertisement
ചെന്നൈയിൽ കഠിനപരിശീലനത്തിലായിരുന്നു ഓസീസ്. ഗ്ലെൻ മാക്സ്‌വെല്ലിന്റെ ഉശിരൻ ഫോമിൽ പ്രതീക്ഷയേറെ. ഇന്ത്യൻ സാഹചര്യങ്ങളിലെ സ്റ്റീവ് സ്മിത്തിന്റെ മികവാണ് ഓസീസിന്റെ മറ്റൊരു കരുത്ത്. ഡേവിഡ് വാർണറും ഇന്ത്യൻ പിച്ചുകളിൽ ശക്തി പ്രകടമാകാകറുണ്ട്. കാമറൂൺ ഗ്രീനും പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും ഉൾപ്പെടുന്ന ബൗളിംഗ് നിര ഇന്ത്യൻ ബാറ്റർമാരെ വെല്ലുവിളിക്കുമെന്നുറപ്പ്. ചെന്നൈയിൽ മൂന്ന് ലോകകപ്പ് മത്സരങ്ങൾ കളിച്ചിട്ടുണ്ട് ഓസീസ്. മൂന്നിലും അവർ വിജയിച്ചു. ക്യാപ്റ്റൻ കമ്മിൻസ് പ്രതീക്ഷയിലാണ്.