ആരാണ് ഇമാനെ ഖാലിഫ്?
അള്‍ജീരിയയിലെ ടിയാരെറ്റില്‍ നിന്നുള്ള 25-കാരിയായ ഇമാൻ ഖാലിഫ് നിലവില്‍ യുനിസെഫ് അംബാസഡർകൂടിയാണ്. ബോക്‌സിംഗിലേക്ക് വരുന്നതിനു മുൻപ് ഫുട്ബോളിൽ ഏറെ താല്പര്യമുണ്ടായിരുന്ന പെൺകുട്ടിയായിരുന്നു ഖാലിഫ്. കൂടാതെ ഒരു ഗ്രാമത്തിൽ വളർന്നതുകൊണ്ട് തന്നെ പെണ്‍കുട്ടികള്‍ ബോക്സിങ്ങില്‍ പങ്കെടുക്കുന്നത് അത്ര താൽപര്യമില്ലാതെ ആളായിരുന്നു ഖാലിഫിന്റെ പിതാവ്. തുടക്കകാലത്ത് കായിക രംഗത്ത് പങ്കെടുക്കാൻ പോലും അനുവദിക്കാത്ത ആളായിരുന്നു തന്റെ പിതാവ് എന്നും ഇമാൻ ഖാലിഫ് തുറന്നു പറഞ്ഞിരുന്നു.
2018-ലെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിലൂടെയായിരുന്നു ഖാലിഫിന്റെ ബോക്സിങ് രംഗത്തേക്കുള്ള അരങ്ങേറ്റം. അന്ന് ആദ്യ റൗണ്ടിൽ തന്നെ തോൽവി ഏറ്റുവാങ്ങിയെങ്കിലും 17ാം സ്ഥാനത്ത് ഖാലിഫ് എത്തി. 2019ല്‍ താരം 33-ാം സ്ഥാനത്തുമായിരുന്നു. അതേസമയം 2020 ടോക്കിയോ ഒളിമ്പിക്സിലും അൾജീരിയയെ പ്രതിനിധീകരിച്ച് ക്വാർട്ടർ ഫൈനലിലെത്താൻ താരത്തിന് സാധിച്ചിരുന്നു. പിന്നീട് 2022-ൽ ലോക ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ചെങ്കിലും ഖാലിഫിന് അന്ന് വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
advertisement
എന്നാൽ 2023-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചാമ്പ്യൻഷിപ്പില്‍ മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ഐബിഎ പ്രസിഡന്റ് ഉമർ ക്രെംലെവ് അവരെ വിലക്കിയിരുന്നു. " ഡിഎൻഎ ടെസ്റ്റുകളുടെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ കബളിപ്പിക്കാൻ ശ്രമിച്ച നിരവധി അത്ലറ്റുകളെ തങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പരിശോധനയിൽ താരത്തിന്റെ ശരീരത്തിൽ പുരുഷൻമാർക്കുള്ള എക്സ്, വൈ(XY) ക്രോമസോമുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ അത്തരം കായിക താരങ്ങളെ മത്സരത്തിൽ നിന്ന് ഒഴിവാക്കുകയാണ്" ഉമർ ക്രെംലെവ് പറഞ്ഞു.
എന്നാൽ മെഡിക്കല്‍ കാരണങ്ങളാലാണ് ഖാലിഫിനെ അയോഗ്യയാക്കിയതെന്ന നിലപാടിലായിരുന്നു അള്‍ജീരിയൻ ഒളിമ്പിക് കമ്മിറ്റി. കൂടാതെ ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണിന്റെ ഉയർന്ന അളവാണ് താരത്തെ അയോഗ്യയാക്കിയതെന്നും അൾജീരിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഇമാനെ ഖാലിഫുമായി വ്യാഴാഴ്ച നടന്ന മത്സരത്തിൽ കനത്ത തിരിച്ചടിയാണ് ഇറ്റാലിയന്‍ താരം ഏഞ്ചലയ്ക്ക് നേരിടേണ്ടി വന്നത്.
എങ്കിലും 2024 ലെ പാരീസിൽ നടക്കുന്ന ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാ അത്‌ലറ്റുകളും നിയമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഐഒസി, പാരീസ് 2024 ബോക്‌സിംഗ് യൂണിറ്റ് എന്നിവർ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. " വിവേചനമില്ലാതെ സ്പോർട്സ് പരിശീലിക്കാൻ ഓരോ വ്യക്തിക്കും അവകാശമുണ്ട്. 2024 പാരീസ് ഒളിമ്പിക് ഗെയിംസിൻ്റെ ബോക്‌സിംഗ് ടൂർണമെൻ്റിൽ പങ്കെടുക്കുന്ന എല്ലാ അത്‌ലറ്റുകളും മത്സരത്തിൻ്റെ യോഗ്യതയും പ്രവേശന നിയന്ത്രണങ്ങളും മെഡിക്കൽ ചട്ടങ്ങളും പാലിച്ചിട്ടുണ്ട്" പ്രസ്താവനയിൽ പറയുന്നു.