ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെഷനിലാണ് ഇപ്പോൾ വിവാദമായിക്കൊണ്ടിരിക്കുന്ന ഈ സംഭവം അരങ്ങേറിയത്. ദൃശ്യങ്ങളില്‍ ഇത് ആരൊക്കെയെന്ന് വ്യക്തമല്ലയെങ്കിലും ഇംഗ്ലണ്ടിന്റെ ഒരു താരം പന്ത് ഷൂകൊണ്ട് തട്ടുന്നതും മറ്റൊരു താരം ഷൂ സ്പൈക്ക് കൊണ്ട് പന്തില്‍ ചിവിട്ടിനില്‍ക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ടി വി സ്‌ക്രീനിൽ തെളിഞ്ഞ ഈ ദൃശ്യങ്ങൾ കയ്യോടെ പൊക്കിയ ആരാധകർ ഇത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം ചർച്ചാവിഷയമായത്.
ഐസിസിയുടെ നിയമപ്രകാരം ഏതുതരത്തിലുള്ള വസ്തുവും ഉപയോഗിച്ച് പന്തില്‍ കൃതിമം കാണിക്കുന്നത് കുറ്റകരമാണ്. പിടിക്കപ്പെട്ടാൽ ക്രിക്കറ്റിൽ നിന്നും വിലക്ക് ലഭിക്കാവുന്ന കുറ്റകരമായ പ്രവർത്തിയാണ് ഇത്. ഇംഗ്ലണ്ട് താരങ്ങൾ നടത്തുന്ന ഈ പ്രവർത്തി രാജ്യാന്തര ക്രിക്കറ്റിൽ അനുവദനീയമാണോ എന്നും, ഇംഗ്ലണ്ട് താരങ്ങൾ ഇത് മനഃപൂർവം ചെയ്തതാണെന്നും ഒരു കൂട്ടം ആരാധകർ വാദിക്കുന്നുണ്ട്. അതേസമയം, ഗ്രൗണ്ടിൽ ഇംഗ്ലീഷ് താരങ്ങൾ ഇത്തരത്തിൽ ചെയ്തിട്ടും അമ്പയർമാർ പന്ത് പരിശോധിക്കാൻ തയാറായില്ല. ഇത് ചൂണ്ടിക്കാണിച്ചും ചില ആരാധകർ രംഗത്ത് വന്നിട്ടുണ്ട്.
എന്നാൽ ഇംഗ്ലണ്ട് താരങ്ങളുടെ ഈ പ്രവർത്തി മനഃപൂർവമല്ല എന്നാണ് ഇംഗ്ലണ്ടിന്റെ പേസ് ബൗളറായ സ്റ്റുവർട്ട് ബ്രോഡ് വ്യക്തമാക്കുന്നത്.ട്വിറ്ററിൽ ഒരു ആരാധകൻ പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെയാണ് ഇംഗ്ലണ്ട് താരങ്ങളുടെ പ്രവർത്തി മനഃപൂർവമല്ല എന്ന് ബ്രോഡ് ന്യായീകരിച്ചത്.
നേരത്തെ, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ജെയിംസ് ആന്‍ഡേഴ്സണും തമ്മിലുള്ള വാക്കേറ്റത്തിന് മത്സരം സാക്ഷ്യം വഹിച്ചിരുന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിന്റെ 17-ാം ഓവറിലാണ് ഇരുവരും വാക്കുകളിലൂടെ പരസ്പരം ഏറ്റുമുട്ടിയത്.
അതേസമയം രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ബാറ്റിംഗ് പുരോഗമിക്കുകയാണ്. അവസാനം വിവരം ലഭിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 165 റൺസ് എടുത്തിട്ടുണ്ട്. ഇതോടെ ഇന്ത്യക്ക് 138 റൺസ് ലീഡായി. നേരത്തെ തുടക്കത്തിൽ തന്നെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായെങ്കിലും നാലാം വിക്കറ്റിൽ അജിങ്ക്യ രഹാനെയും ചേതേശ്വർ പൂജാരയും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്‌സിനെ മുന്നോട്ട് നയിക്കുകയായിരുന്നു. നാലാം വിക്കറ്റിൽ 100 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് സഖ്യം വേർപിരിഞ്ഞത്. 206 പന്ത് നേരിട്ട് 45 റൺസെടുത്ത പൂജാരയെ മാർക് വുഡ് പുറത്താക്കുകയായിരുന്നു. രഹാനെ (59*), പന്ത് (9*) എന്നിവരാണ് ക്രീസിൽ നിൽക്കുന്നത്.