പരമ്പരയിലെ രണ്ടാം മത്സരമായ ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ നാലാം ദിനത്തിൽ ഫീൽഡിങ്ങിനിടെ ബൗണ്ടറി തടയാന്‍ ശ്രമിക്കവെ ഡൈവ് ചെയ്തപ്പോൾ വുഡിന് പരിക്കേറ്റിരുന്നു. പക്ഷെ നിർണായകമായ അഞ്ചാം ദിനത്തിൽ ഈ പരിക്ക് വകവെക്കാതെ കളത്തിലിറങ്ങിയ താരം ഇംഗ്ലണ്ടിനായി പന്തെറിയാൻ എത്തിയിരുന്നു. പന്തെറിയുന്നതിനിടയിൽ താരത്തിന് വീണ്ടും പരിക്ക് പറ്റിയിരുന്നു.
ലോർഡ്‌സിൽ നടന്ന ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 24 ഓവര്‍ എറിഞ്ഞ വുഡ് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ മികച്ച പ്രകടനം തന്നെ നടത്തിയ വുഡ് ഇന്ത്യയുടെ നിർണായക വിക്കറ്റുകളാണ് നേടിയത്. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരെ തുടക്കത്തിലെ മടക്കിയ വുഡ്, ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്താൻ സഹായിച്ച പൂജാര - രഹാനെ സഖ്യത്തിന്റെ നാലാം വിക്കറ്റിലെ കൂട്ടുകെട്ട് പൊളിച്ച് ഇംഗ്ലണ്ടിന് വീണ്ടും മേൽക്കൈ നേടിക്കൊടുത്തിരുന്നു. നാലാം വിക്കറ്റിൽ 100 റൺസ് നേടിയ സഖ്യത്തിൽ പൂജാരയുടെ വിക്കറ്റാണ് വുഡ് വീഴ്ത്തിയത്. രണ്ടാം ഇന്നിങ്സിൽ താരം മൂന്ന് വിക്കറ്റ് വീഴ്ത്തി.
advertisement
പരിക്കിന്റെ ഭീഷണിയിൽ ആയ താരം പരമ്പരയിലെ അടുത്ത ടെസ്റ്റിൽ ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും കളിക്കുമോ എന്ന കാര്യം വ്യക്തമല്ല. താരത്തിന്റെ പരിക്ക് വിലയിരുത്തിയ ശേഷം മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ ആകും താരത്തെ കളിപ്പിക്കണമോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ഇംഗ്ലണ്ട് തീരുമാനം എടുക്കുക. പരിക്ക് ഭീഷണിയിൽ നിൽക്കുന്ന താരത്തെ നിർബന്ധിച്ച് കളിക്കാൻ ഇറക്കില്ലെന്ന് ഇംഗ്ലണ്ട് പരിശീലകനായ ക്രിസ് സിൽവർവുഡ് വ്യക്തമാക്കി.
അതേസമയം, മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സംഘത്തിൽ വലിയ മാറ്റങ്ങൾ തന്നെയാണ് ഉള്ളത്. മൂന്നാം ടെസ്റ്റിനായി ഇംഗ്ലണ്ട് ഡേവിഡ് മലാനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ട് ഓപ്പണർ ഡോം സിബ്ലിയെ ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മാർക്ക് വുഡ് പരിക്കിന്റെ ഭീഷണിയിൽ ആയതിനാൽ ഇംഗ്ലണ്ടിന്റെ സാഖിബ് അഹമ്മദ് ടെസ്റ്റ് അരങ്ങേറ്റം നടത്താനുള്ള സാധ്യത കാണുന്നുണ്ട്. ഇംഗ്ലണ്ടിന്റെ മറ്റ് രണ്ട് പേസർമാരായ ക്രിസ് വോക്‌സും സ്റ്റുവർട്ട് ബ്രോഡും പരുക്കിന്റെ പിടിയിൽ ആയതിനാൽ വുഡ് കളിച്ചില്ലെങ്കിൽ സഖിബിന് തന്നെ നറുക്ക് വീണേക്കും. ഇംഗ്ലണ്ടിന്റെ സ്റ്റാർ ഓൾ റൗണ്ടറായ ബെൻ സ്റ്റോക്സ് ക്രിക്കറ്റിൽ നിന്നും അനിശ്ചിതകാലത്തേക്ക് വിടവാങ്ങൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ഈ മാസം 25ന് ലീഡ്‌സിൽ വെച്ചാണ് നടക്കുന്നത്. അഞ്ച് മത്സര പരമ്പരയിൽ ലോർഡ്‌സിലെ ടെസ്റ്റ് ഇന്ത്യക്ക് മുന്നിൽ അടിയറവ് വെച്ച ഇംഗ്ലണ്ട് 1-0ന് പിന്നിലാണ്.