അവസാന ദിവസം കരുതലോടെയായിരുന്നു ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ തുടങ്ങിയത്. വിക്കറ്റ് നഷ്ടമില്ലാതെ 73 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ റോറി ബേണ്‍സും ഹസീബ് ഹമീദും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. ഇംഗ്ലണ്ട് സ്‌കോര്‍ 100 റണ്‍സിലെത്തിയതിനൊപ്പം റോറി ബേണ്‍സ് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി.
അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ റോറി ബേണ്‍സിനെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ഷര്‍ദ്ദുല്‍ താക്കൂര്‍ ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു. 125 പന്തില്‍ 50 റണ്‍സെടുത്ത് ബേണ്‍സ് മടങ്ങി. പിന്നാലെയെത്തിയ ഡേവിഡ് മലനും കരുതലോടെയാണ് തുടങ്ങിയത്. ഇതിനിടെ ഹസീബ് ഹമീദ് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി.
'ഇന്ത്യ ശക്തമായി തിരിച്ചടിക്കും, അവന്റെ പന്തുകള്‍ വലിയ ഭീഷണിയാകും'; തുറന്നു സമ്മതിച്ച് മോയീന്‍ അലി
ഓവല്‍ ടെസ്റ്റിന്റെ അവസാന ദിനം 10 വിക്കറ്റ് കയ്യിലുണ്ടെങ്കിലും ഇംഗ്ലണ്ടിന് വിജയിക്കുക എളുപ്പമാവില്ല എന്ന് തുറന്നുസമ്മതിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ഉപനായകന്‍ മോയീന്‍ അലി. ഇന്ത്യയുടെ ഇടംകൈയന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയായിരിക്കും ഓവല്‍ ടെസ്റ്റിലെ അഞ്ചാം ദിനം ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയാവുക എന്ന് അലി പറഞ്ഞു.
'എന്തും സാധ്യമാക്കാന്‍ പ്രാപ്തിയുള്ള ബൗളറാണ് ജസ്പ്രിത് ബുമ്റ. എന്നാല്‍ ഓവല്‍ പിച്ചില്‍ ഇന്ന് ഏറ്റവും വലിയ വെല്ലുവിളി രവീന്ദ്ര ജഡേജയായിരിക്കും. ഫ്ളാറ്റ് വിക്കറ്റാണെങ്കിലും നന്നായി കളിക്കാനാണ് ഞങ്ങള്‍ പോകുന്നത്. ഇന്ത്യ എപ്പോഴും ശക്തമായി തിരിച്ചടിക്കുന്നതിനാല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.'- അലി പറഞ്ഞു.
നേരത്തെ, ആദ്യ ഇന്നിങ്സില്‍ തകര്‍ന്ന ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് രണ്ടാം ഇന്നിങ്സില്‍ കണ്ടത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്ത ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 466 റണ്‍സെടുത്ത് പുറത്തായി. രോഹിത് ശര്‍മയുടെ സെഞ്ചുറി (127), ചേതേശ്വര്‍ പൂജാര (61), ഋഷഭ് പന്ത് (50), ഷാര്‍ദുല്‍ ഠാക്കൂര്‍ (60) എന്നിവരുടെ അര്‍ധസെഞ്ചുറി പ്രകടനങ്ങളുമാണ് ഇന്ത്യയെ വമ്പന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇതില്‍ പന്തിന്റെയും ഷാര്‍ദുലിന്റെയും അവസരോചിത ഇന്നിങ്‌സാണ് ഇന്ത്യക്ക് മികച്ച സ്‌കോറും ഒപ്പം വമ്പന്‍ ലീഡും നേടിക്കൊടുത്തത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റും, ഒലി റോബിന്‍സണ്‍, മൊയീന്‍ അലി എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.