advertisement
ഇന്ത്യക്കായി ഉമേഷ് യാദവ് മൂന്നും ജസ്പ്രീത് ബുംറ, രവീന്ദ്ര ജദേജ, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ഇന്ത്യയ്ക്ക് ഓവലില്‍ മികച്ച റെക്കോര്‍ഡ് അല്ല അവകാശപ്പെടാനുള്ളത്. ഓവലില്‍ ഇതുവരെ കളിച്ച 14 ടെസ്റ്റുകളില്‍ ഇന്ത്യയുടെ രണ്ടാമത്തെ ജയമാണിത്. 1971ല്‍ ആയിരുന്നു ആദ്യ ജയം. ഇവിടെ അവസാനം കളിച്ച മൂന്ന് ടെസ്റ്റുകളിലും ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു ഫലം. അതില്‍ രണ്ടെണ്ണം ഇന്നിങ്‌സ് തോല്‍വികളായിരുന്നു.
അവസാന ദിവസം കരുതലോടെയായിരുന്നു ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ തുടങ്ങിയത്. വിക്കറ്റ് നഷ്ടമില്ലാതെ 73 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ റോറി ബേണ്‍സും ഹസീബ് ഹമീദും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. ഇംഗ്ലണ്ട് സ്‌കോര്‍ 100 റണ്‍സിലെത്തിയതിനൊപ്പം റോറി ബേണ്‍സ് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി.
അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ റോറി ബേണ്‍സിനെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ഷര്‍ദ്ദുല്‍ താക്കൂര്‍ ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു. 125 പന്തില്‍ 50 റണ്‍സെടുത്ത് ബേണ്‍സ് മടങ്ങി. പിന്നാലെയെത്തിയ ഡേവിഡ് മലനും കരുതലോടെയാണ് തുടങ്ങിയത്. ഇതിനിടെ ഹസീബ് ഹമീദ് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. ഇതിനിടെ നായകന്‍ ജോ റൂട്ടിനു മുമ്പേ സ്ഥാനക്കയറ്റം കിട്ടിയെത്തിയ ഡേവിഡ് മലാന്‍(5) ഹസീബുമായുള്ള ധാരണാപ്പിശകില്‍ റണ്ണൗട്ടായത് ഇന്ത്യക്ക് ആശ്വാസമായി.
ലഞ്ചിന് പിരിയുമ്പോള്‍ 187 പന്തില്‍ നിന്ന് ആറു ബൗണ്ടറികളോടെ 62 റണ്‍സുമായി ഹസീബും 18 പന്തില്‍ നിന്ന് എട്ടു റണ്‍സുമായ നായകന്‍ ജോ റൂട്ടുമായിരുന്നു ക്രീസില്‍. ലഞ്ചിനു ശേഷം ഇംഗ്ലണ്ടിന്റെ നാലു വിക്കറ്റുകള്‍ ക്ഷണത്തില്‍ തെറിപ്പിച്ച ഇന്ത്യ അവിശ്വസനീയമാം വിധം മത്സരം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.
പിന്നീട് എത്തിയവരെല്ലാം താളം കണ്ടെത്താന്‍ കഴിയാതെ പെട്ടെന്നു തന്നെ പവലിയിനിലേക്ക് മടങ്ങി. എന്നാല്‍ ഒരറ്റത്തു ജോ റൂട്ട് പിടിച്ചു നില്‍ക്കുന്നത് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയിരുന്നു. ക്രിസ് വോക്സിനൊപ്പം ചേര്‍ന്ന് റൂട്ട് 35 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യക്കും ആശങ്ക സമ്മാനിച്ചു. എന്നാല്‍ കൃത്യ സമയത്ത് ബൗളിങ് ചെയ്ഞ്ച് വരുത്തി ഷാര്‍ദ്ദൂല്‍ താക്കൂറിനെ പന്തേല്‍പിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ തന്ത്രം ഇംഗ്ലണ്ടിന്റെ ശവപ്പെട്ടിക്കുമേല്‍ അവസാന ആണിയുമടിച്ചു. 78 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 36 റണ്‍സ് നേടിയ റൂട്ടിനെ ഷാര്‍ദ്ദൂല്‍ ക്ലീന്‍ ബൗള്‍ഡാക്കി.
നേരത്തെ, ആദ്യ ഇന്നിങ്‌സില്‍ തകര്‍ന്ന ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് രണ്ടാം ഇന്നിങ്‌സില്‍ കണ്ടത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്ത ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 466 റണ്‍സെടുത്ത് പുറത്തായി. രോഹിത് ശര്‍മയുടെ സെഞ്ചുറി (127), ചേതേശ്വര്‍ പൂജാര (61), ഋഷഭ് പന്ത് (50), ഷാര്‍ദുല്‍ ഠാക്കൂര്‍ (60) എന്നിവരുടെ അര്‍ധസെഞ്ചുറി പ്രകടനങ്ങളുമാണ് ഇന്ത്യയെ വമ്പന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇതില്‍ പന്തിന്റെയും ഷാര്‍ദുലിന്റെയും അവസരോചിത ഇന്നിങ്സാണ് ഇന്ത്യക്ക് മികച്ച സ്‌കോറും ഒപ്പം വമ്പന്‍ ലീഡും നേടിക്കൊടുത്തത്.