ഐപിഎല്‍ ബയോ ബബിളിലേക്ക് ചേരാന്‍ വേണ്ടിയാണ് ഇന്ത്യന്‍ താരങ്ങള്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റ് കളിക്കില്ലെന്ന് നിലപാടെടുത്തത് എന്ന നിലയില്‍ വലിയ വിമര്‍ശനം ഇന്ത്യക്ക് നേരെ ഉയര്‍ന്നിരുന്നു. മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി, ഭരത് അരുണ്‍, ആര്‍ ശ്രീധര്‍ എന്നിവരെ കൂടാതെ ടീം ഫിസിയോയ്ക്കും കോവിഡ് പോസിറ്റീവായതോടെയാണ് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക ഉടലെടുത്തത്. ഇതിന് പിന്നലെയാണ് മാഞ്ചെസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കിയത്.
advertisement
ടെസ്റ്റ് ഉപേക്ഷിച്ചതിന് പിന്നാലെ മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ അടക്കമുള്ളവര്‍ ഇന്ത്യന്‍ ടീമിനെതിരെ രംഗത്തെത്തിയിരുന്നു. പണവും ഐ പി എല്ലുമാണ് ഇന്ത്യന്‍ കളിക്കാരുടെ പിന്‍മാറ്റത്തിന് കാരണമെന്നാണ് വോണ്‍ ടെലഗ്രാഫിലെഴുതിയ കോളത്തില്‍ തുറന്നടിച്ചത്.
'ഐ പി എല്ലിന് മുന്നോടിയായി കോവിഡ് പിടിപെടുമോ എന്ന ഭീതിയിലായിരുന്നു ഇന്ത്യന്‍ താരങ്ങള്‍. സത്യസന്ധമായി പറഞ്ഞാല്‍ പണവും ഐ പി എല്ലും മാത്രമാണ് അവരുടെ പിന്‍മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. ഒരാഴ്ച കൂടി കഴിഞ്ഞാല്‍ ഐ പി എല്ലില്‍ ഊര്‍ജ്ജസ്വലരായി ചിരിക്കുന്ന മുഖത്തോടെ സന്തോഷത്തോടെ കളിക്കുന്ന ഇന്ത്യന്‍ കളിക്കാരെ കാണാം. എന്നാല്‍ മത്സരത്തിന് മുമ്പ് നടത്തിയ പിസിആര്‍ പരിശോധനയെ അവര്‍ വിശ്വസിക്കണമായിരുന്നു.'- മൈക്കല്‍ വോണ്‍ പറഞ്ഞു.
'കൊറോണ വൈറസിനെപ്പറ്റി നമുക്കിപ്പോള്‍ ഏതാണ്ട് ധാരണയുണ്ട്. എങ്ങനെ കൈകാര്യം ചെയ്യണം, എന്തൊക്കെ മുന്‍കരുതലെടുക്കണം എന്നെല്ലാം. ഇതിനെല്ലാം പുറമെ കളിക്കാരെല്ലാം രണ്ട് തവണ വാക്സിന്‍ സ്വീകരിച്ചവരുമാണ്. ബയോ സെക്യൂര്‍ ബബ്ബിളില്‍ ആവശ്യമായിരുന്നുവെങ്കില്‍ സുരക്ഷ കൂട്ടാമായിരുന്നു. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ കളിക്കാന്‍ 11 പേരെ കണ്ടെത്താന്‍ ഇന്ത്യ പാടുപെട്ടുവെന്ന് വിശ്വസിക്കാന്‍ കുറച്ച് പ്രയാസമുണ്ട്.'- വോണ്‍ കൂട്ടിച്ചേര്‍ത്തു.
ടെസ്റ്റ് ക്രിക്കറ്റിന്റെ നിലനില്‍പ്പിന് തന്നെ ഈ മത്സരം അനിവാര്യമായിരുന്നു. പരമ്പര അത്രമാത്രം ആവേശകരമായിരുന്നു. ടെസ്റ്റ് മത്സരത്തിലെ ടോസിന് ഒന്നര മണിക്കൂര്‍ മുമ്പ് മത്സരം റദ്ദാക്കുക എന്നത് അത്രമാത്രം എളുപ്പമുള്ള കാര്യമല്ല. മത്സരം കാണാനാത്തിയ ആളുകളെ തീര്‍ത്തും അപമാനിക്കുന്നതിന് തുല്യമാണതെന്നും വോണ്‍ പറഞ്ഞു.
മാഞ്ചെസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കിയതോടെ ഇന്ത്യന്‍ താരങ്ങള്‍ ലണ്ടന്‍ വിട്ടു. യു എ ഇയില്‍ എത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ ആറ് ദിവസം ബയോ ബബിളില്‍ കഴിയണം. ഇതിന് ശേഷം ടീമിനൊപ്പം പരിശീലനം തുടങ്ങാനാവും.